ആലപ്പുഴ: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരചത്വരത്തിൽ മൾട്ടിലെവൽ പാർക്കിംഗും ബാസ്ക്കറ്റ് ബാൾ ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കാൻ ശുപാർശ. ആലപ്പുഴ നഗരവികസനവുമായി ബന്ധപ്പെട്ട് ടൗൺ പ്ളാനിംഗ് വിഭാഗം സമർപ്പിച്ച് സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ളാനിന്റെ അന്തിമ രൂപത്തിലാണ് നഗരചത്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളുടെ നിർദ്ദേശം. ഓണംപോലുള്ള ആഘോഷവേളകളിൽ മേളകൾക്കും പൊതുപരിപാടികൾക്കുമുള്ള ഇടമായാണ് നിലവിൽ നഗരചത്വരത്തെ ഉപയോഗിച്ചുവരുന്നത്.
ആലപ്പുഴ മൊബിലിറ്റി ഹബ്ബ് പദ്ധതിയിൽ കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് വരെയുള്ള ഭാഗം വീതി കൂട്ടി ഫ്ളൈ ഓവറും റൗണ്ട് എബൗട്ടുമായി വികസിപ്പിക്കുമ്പോൾ, മാസ്റ്റർ പ്ളാൻ പ്രകാരം ട്രാഫിക് സോണിൽപ്പെ
ടുന്ന കോടതിപ്പാലം, ഔട്ട് പോസ്റ്റ്, ബസ് സ്റ്രാൻഡ് ഭാഗങ്ങളിൽ പൊതു പാർക്കിംഗ് ഏരിയകൾ സജ്ജമാക്കേണ്ടിവരും. ഇതുകൂടി കണക്കിലെടുത്താണ് ഒരേ സമയം നൂറ് കണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടിലെവൽ സംവിധാനം നഗര ചത്വരത്തിൽ സജ്ജമാക്കാൻ നിർദ്ദേശിച്ചത്. നഗരസഭയും യുവജനക്ഷേമ, കായിക വകുപ്പുകളുമാണ് പദ്ധതി നടത്തിപ്പിനുള്ള നടപടികൾ കൈക്കൊള്ളേണ്ടത്.
ഇൻഡോർ കോർട്ടിനും നിർദ്ദേശം
1. രാജ്യാന്തര പ്രസിദ്ധമായ പുന്നമട നെഹ്രുട്രോഫി വള്ളികളി കാണാനും മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ചിറപ്പുത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനുമെത്തുന്നവർക്ക് മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം പ്രയോജനപ്പെടും. കുരുക്കും ഒഴിവാകും.
2. ഫ്ളഡ് ലൈറ്റും മികച്ച ടർഫുമുൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള
ബാസ്ക്കറ്റ് ബാൾ ഇൻഡോർ കോർട്ട്, രാപ്പകലില്ലാതെ പരിശീലനത്തിനും മത്സരങ്ങൾക്കും ഉപയോഗിക്കാം. കായിക പ്രേമികളെ നഗരത്തിലേക്ക് ആകർഷിക്കാനും കഴിയും
മുല്ലയ്ക്കൽ മിഠായിത്തെരുവാകും !
നഗരത്തിലെ പരമ്പരാഗത പൈതൃക മാർക്കറ്റായ മുല്ലയ്ക്കൽ തെരുവിനെ മിഠായിത്തെരുവ് മാതൃകയിലാക്കി വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കാനാണ് മാസ്റ്റർ പ്ളാനിലെ മറ്റൊരു പദ്ധതി. നിലവിലെ റോഡ്, സ്ഥലപരിമിതി എന്നിവയൊന്നും തടസമാകാത്ത വിധം കോഴിക്കോട്ടെ മിഠായി തെരുവിന്റെ ചെറുപതിപ്പായി മുല്ലയ്ക്കലിനെ മാറ്റും. വഴി വാണിഭക്കാർ ഉൾപ്പെടെയുള്ളവരെ പുനരധിവസിപ്പിക്കുകയോ സ്ഥല ലഭ്യത അനുസരിച്ച് ചെറിയ ബങ്കുകൾ അനുവദിക്കുകയോ ചെയ്തശേഷം മുല്ലയ്ക്കലിനെ അടിമുടി മാറ്റും.
മുഖച്ഛായമാറും
റോഡിന്റെ വശങ്ങൾ ചെറിയ പാറക്കല്ലുകൾ പാകി മനോഹരമാക്കും
വൈദ്യുതി ലൈനുകളെല്ലാം ഭൂഗർഭ കേബിളുകളാക്കും
താഴെ വീണാലോ, കല്ലേറു കൊണ്ടാലോ പൊട്ടാത്ത തരത്തിലുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കും
കാഴ്ചകൾകണ്ട് നടക്കാൻ സുരക്ഷിതമായ ഫുട് പാത്ത്, സുരക്ഷയ്ക്കായി സി.സി ടി.വി ക്യാമറകൾ എന്നിവ ഉറപ്പാക്കും
കഫറ്റേരിയ, പൊതുടോയ്ലറ്റ് , വിശ്രമകേന്ദ്രം എന്നിവ നടപ്പാക്കും
തെരുവിന്റെ പൈതൃകവും ചരിത്രവും വിളംബരം ചെയ്യുന്ന ശിലാഫലകം സ്ഥാപിക്കും
ഇൻഡോർ സ്റ്രേഡിയം, മൾട്ടിലെവൽ പാർക്കിംഗ്, മുല്ലയ്ക്കൽ തെരുവ് വികസനം എന്നിവയ്ക്കെല്ലാം തുക വകയിരുത്തേണ്ടതും ഭാവി വികസന പദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതും നഗരസഭയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമാണ്. ഇവയുടെ ഡി.പി.ആർ തയ്യാറാക്കി എത്രത്തോളം പണം വേണ്ടിവരുമെന്ന് വകുപ്പുകളാണ് തീരുമാനിക്കേണ്ടത്
- ടൗൺ പ്ളാനിംഗ് ഓഫീസ്, ആലപ്പുഴ