ആലപ്പുഴ: നാടെങ്ങും ഓണാഘോഷത്തിന്റെ ആവേശത്തിലായിരിക്കെ നഗരത്തിലും നാട്ടിൻ പുറങ്ങളിലും സുരക്ഷ ശക്തമാക്കി പൊലീസ്.

ഓണാഘോഷത്തിനിടെ ക്രമസമാധാന പ്രശ്നങ്ങളും അക്രമങ്ങളും മോഷണവും തടയുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി 1000ത്തോളം സേനാംഗങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് മോഹന ചന്ദ്രന്റെ മേൽനോട്ടത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ. ക്ളബുകളുടെയും മറ്റും നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷവേദികളിലുൾപ്പെടെ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. ക്രമസമാധാന പാലനത്തിനായി ജില്ലയിലെ എല്ലാ പൊലീസ് സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പി മാരുടെ മേൽനോട്ടത്തിൽ സ്ട്രൈക്കർ ഫോഴ്സിനെ നിയോഗിച്ചു. ഓണത്തിന് തൊട്ടുമുമ്പും ഓണദിവസങ്ങളിലും നഗരത്തിൽ ഓണത്തിന് ശേഷം നടത്താനിരിക്കുന്ന നെഹ്രുട്രോഫി വള്ളംകളിയുമുൾപ്പെടെ മൂന്ന് ഘട്ടങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സി.ഐമാരുടെ നേതൃത്വത്തിൽ നൂറിലേറെ എസ്.ഐമാരും വനിതകൾ ഉൾപ്പെടെ 1000ത്തോളം പൊലീസുകാരും ജില്ലയിലെ സുരക്ഷാ ക്രമീകരണത്തിൽ പങ്കാളികളാകും.

ബസ് സ്റ്റാന്റുകൾ , റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ അന്യസംസ്ഥാനക്കാരായ മോഷ്ടാക്കളെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി. ഓണാഘോഷത്തിന് മുന്നോടിയായി സാമൂഹവിരുദ്ധർ, പിടികിട്ടാപ്പുള്ളികൾ, സ്ഥിരം മോഷ്ടാക്കൾ തുടങ്ങിയവരെ പിടികൂടും.

നിരീക്ഷണത്തിന് കാമറയും

ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ നിലവിലെ കാമറകൾക്ക് പുറമെ ഹെലികാം നിരീക്ഷണവും ശക്തമാക്കും. തിരക്ക് കണക്കിലെടുത്ത് ബൈപ്പാസിലും ആലപ്പുഴ , ചേർത്തല, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നഗരങ്ങളിലും പ്രധാന റോഡുകളിലെല്ലാം മുഴുവൻ സമയവും പൊലീസിനെയും ട്രാഫിക് വാർഡൻമാരെയും നിയോഗിച്ചു. പോക്കറ്റടി, സ്ത്രീകളെ ശല്യംചെയ്യൽ, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാൻ കാമറ ഘടിപ്പിച്ച വാഹനങ്ങളിൽ പ്രത്യേക പട്രോളിംഗ് നടത്തും. കുറ്റവാളികളെ കണ്ടെത്താനായി വനിതാ പൊലീസ് ഉൾപ്പെടെ 250ഓളം പ്രത്യേകം പരിശീലനം ലഭിച്ച മഫ്തി പൊലീസുകാരെയും ഷാഡോ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.വൈകുന്നേരങ്ങളിലും രാത്രിയിലും ഇടറോഡുകൾ പരിശോധിക്കുന്നതിന് ബൂസ്റ്റർപട്രോൾ, ബൈക്ക് പട്രോൾ എന്നിവയും ഏർപ്പെടുത്തും.

ഓണം അവധിക്ക് വീട് പൂട്ടി പോകുന്നവർ വിവരം മുൻകൂട്ടി പൊലീസിനെ അറിയിക്കണം. അത്തരം വീടുകളിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തും

-ജില്ലാ പെലീസ് മേധാവി