ആലപ്പുഴ: തിരുവോണം പിറക്കാൻ ഇനി ഒരു പകൽ മാത്രം. മാവേലിമന്നനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഓണാഘോഷത്തോടെ വിദ്യാലയങ്ങൾ അവധിയിലേക്ക് കടന്നതോടെ നഗരത്തിലെ തിരക്ക് മൂ‌ർദ്ധന്യാവസ്ഥയിലെത്തി. സദ്യവട്ടങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങനാണ് തിരക്ക്. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരക്ക് നിയന്ത്രണാതീതമാണ്. ഓഫറുകളുടെ അകമ്പടിയിൽ ഗൃഹോപകരണശാലകളിലും നല്ല തിരക്കുണ്ട്.

അണിയറയിൽ

സദ്യയൊരുക്കം

തിരുവോണസദ്യ ഉഷാറാക്കാനുള്ള ഒരുക്കം ഇന്നേ തുടങ്ങിയിട്ടുണ്ട്. വിവിധയിനം പായസങ്ങളുടെ ആയിരക്കണക്കിന് ലിറ്ററിന്റെ ഓർഡർ പല കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും പല വിലയാണ് ഈടാക്കുന്നത്. ലിറ്ററിന് 150 രൂപ മുതൽ 250 രൂപ വരെ ഈടാക്കുന്നുണ്ട്. നഗരങ്ങളിൽ തൂശനിലയ്ക്ക് വൻ ഡിമാൻഡാണ്. ആവശ്യത്തിന് അനുസരിച്ച് ഇല കിട്ടാനില്ല.

പൂക്കളുടെ മിഡ്

നൈറ്റ് സെയിൽ!


മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും മാത്രം മിഡ് നൈറ്റ് സെയിൽ കണ്ട് പരിചയിച്ച മലയാളിക്ക് രാത്രിയിലെ പൂക്കച്ചവടം വ്യത്യസ്ത കാഴ്ചയായി. കഞ്ഞിക്കുഴിയിലെ കർഷകരാണ് രാത്രികാല പൂക്കച്ചവടം തുടങ്ങിയത്. ഉത്പ്പാദനം കൂടിയതോടെയാണ് കർഷകർ അർദ്ധരാത്രിയിലും പൂക്കച്ചവടം ഉഷാറാക്കിയത്. കഞ്ഞിക്കുഴിയിലെ കർഷകൻ വി.പി.സുനിലിന്റെ പൂന്തോട്ടത്തിലെ രാത്രികാല വിൽപ്പന ആലപ്പുഴ ജില്ലാ നിയമ സഹായ കേന്ദ്രം സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, പൂ കർഷകരായ ജ്യോതിഷ് കഞ്ഞിക്കുഴി, അനിൽ ലാൽ തുടങ്ങിയവർ പങ്കെടുത്തു.