
അരൂർ : എലിവേറ്റഡ് ഹൈവേ നിർമാണം മൂലമുണ്ടായ ജനങ്ങളുടെ യാത്രാദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് അരൂർ - തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ , എലിവേറ്റഡ് ഹൈവേ നിർമ്മാണ ജോലികൾ തടസപ്പെടുത്തി പ്രതിക്ഷേധിച്ചു. തകർന്ന ദേശീയപാതയിൽ മഴ വന്നാൽ വെള്ളക്കെട്ടും നിരന്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും മണിക്കൂറുകളോളം ജനങ്ങൾ ഗതാഗതക്കുരുക്കിൽ ആകുന്നതും നിത്യസംഭവമായിട്ടും നിർമ്മാണ കമ്പനിയധികൃതർ കാട്ടുന്ന കടുത്ത അനാസ്ഥയിൽ പ്രതിക്ഷേധിച്ചു നടത്തിയ സമരത്തിൽ നിരവധി പേർ പങ്കെടുത്തു. ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപത്ത് നിന്ന് അരൂർ അമ്പലം വരെ പ്രവർത്തകർ പ്രകടനമായി എത്തിയാണ് നിർമ്മാണ പ്രവർത്തികൾ നിർത്തിവെപ്പിച്ചത്. തുടർന്ന് നിർമ്മാണ കമ്പനി അധികൃതർ 10 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം താത്കാലികമായി അവസാനിപ്പിച്ചു. സമിതി ചെയർമാൻ ജെ.ആർ.അജിത്ത്, സനീഷ് പായിക്കാടൻ, മേരി ദാസ്, ജിസ്, അരുൺ, ശിഹാബ്, ശിവൻ, സനീഷ് കുമാർ, മധു, അർഷാദ് റസാഖ്, സനു, ഹണി, താഹ, സാലി എന്നിവർ നേതൃത്വം നൽകി.