
കായംകുളം : സ്വന്തമായി സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും പണം അനുവദിച്ചിട്ടും കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ വാടകക്കെട്ടിടത്തിൽ തന്നെ. കരീലക്കുളങ്ങരയിൽ എങ്ങും കെട്ടിടം വാടകയ്ക്ക് ലഭിക്കുത്തതിനാൽ ചേപ്പാട്ട് പരിമിതമായ സൗകര്യങ്ങളിലാണ് സ്റ്റേഷന്റെ പ്രവർത്തനം.
പുതിയകെട്ടിടം നിർമ്മിക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിലവിൽ കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന വാടക കെട്ടിടം അതീവ ശോച്യാവസ്ഥയിലുമാണ്. നേരത്തെ കരീലക്കുളങ്ങരയിലെ വാടകകെട്ടിടത്തിലാണ് പൊലീസ് സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇത് നങ്ങ്യാർകുളങ്ങരയിലേക്ക് മാറ്റി. ഇവിടെ നിന്നും കരീലക്കുളങ്ങരയിൽ എത്തണമെങ്കിൽ ഏഴ് കിലോമീറ്റർ യാത്ര ചെയ്യണം. പത്തിയൂർ, ചിങ്ങോലി, ചേപ്പാട് പഞ്ചായത്തുകൾ കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്.തിരന്തരം അക്രമ സംഭവങ്ങൾ അരങ്ങേറുന്ന പത്തിയൂർ മേഖലയിൽ പൊലീസ് പട്രോളിഗും കാര്യക്ഷമമല്ല.
അനുവദിച്ചത് മൂന്ന് കോടി
പൊലീസ് സ്‌റ്റേഷൻ നിർമ്മിക്കുന്നതിന് കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന്റെ 15 സെന്റ് സ്ഥലംഅഞ്ച് വർഷം മുമ്പ് നൽകിയിരുന്നു
കായംകുളത്ത് നടന്ന ഒരു ചടങ്ങിൽ സ്പിന്നിംഗ് മിൽ ചെയർമാനായിരുന്ന എം.എ.അലിയാർ മുഖ്യമന്ത്രി പിണറായി വിജയന് വസ്തുവിന്റെ രേഖകൾ കൈമാറിയിരുന്നു
അടുത്ത ബഡ്ജറ്റിൽ പൊലീസ് സ്‌റ്റേഷൻ കെട്ടിടം പണിയുന്നതിന് മൂന്ന് കോടി രൂപയും അനുവദിച്ചു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല