മാന്നാർ: മുഹമ്മദ് നബിയുടെ 1496-ാമത് ജൻമദിനത്തോടനുബന്ധിച്ച് മാന്നാർ പുത്തൻ പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന നബിദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നബിദിന റാലിയും സമ്മേളനവും 16ന് നടക്കും. പ്രവാചകന്റെ ജന്മദിനമായ തിങ്കളാഴ്ച രാവിലെ സുബ്ഹി നിസ്കാരശേഷം മാന്നാർ പുത്തൻപള്ളിയിൽ ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമി, അസി.ഇമാം ഷഹീർ ബാഖവി, കരീം ഉസ്താദ് എന്നിവരും കുരട്ടിക്കാട് ജുമാ മസ്ജിദിൽ ചീഫ് ഇമാം നിസാമുദ്ദീൻ നഈമിയും അസി.ഇമാം ഷമീർ ബാഖവിയും മൗലിദ് പാരായണത്തിന് നേതൃത്വം നൽകും. രാവിലെ 10 മുതൽ അന്നദാനം. വൈകിട്ട് 4 ന്, മാന്നാർ പുത്തൻപള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന തങ്ങളുപ്പാപ്പയുടെ മഖ്‌ബറ സന്ദർശന ശേഷം ആരംഭിക്കുന്ന നബിദിന റാലി പന്നായിക്കടവ്, പരുമലക്കടവ്, സ്റ്റോർജംഗ്ഷൻ വഴി ആലുംമൂട് ജംഗ്ഷനിലെത്തി തിരികെ മാന്നാർ പുത്തൻപള്ളിയിൽ സമാപിക്കും. തുടർന്ന് ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നബിദിന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ.ഡോ.പി.നസീർ മുഖ്യപ്രഭാഷണം നടത്തും. ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമി നബിദിന സന്ദേശവും മദ്രസാ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും നിർവഹിക്കും. കൗൺസിൽ ചെയർമാൻ ഹാജി ടി.ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ സംസാരിക്കും. സെക്രട്ടറി നവാസ് ജലാൽ സ്വാഗതവും ട്രഷറർ കെ.എ ഷാജി പടിപ്പുരയ്ക്കൽ നന്ദിയും പറയും.