chennithala-panchayth

മാന്നാർ: മാവേലി മന്നനെ വരവേൽക്കാൻ മലയാളക്കര ഒരുങ്ങുമ്പോൾ ഓണാവധിക്ക് മുന്നേയുള്ള അവസാന പ്രവർത്തി ദിവസമായ ഇന്നലെ ഓഫീസുകളിലും വിദ്യാലയങ്ങളിലും മറ്റും പൂക്കളവും സദ്യവട്ടങ്ങൾ ഒരുക്കിയും ഓണാഘോഷങ്ങൾ നടന്നു. ഇന്ന് രണ്ടാം ശനിയും ഒന്നാം ഓണവും ആയതിനാൽ ഇന്ന് മുതൽ ചൊവ്വ വരെ അവധി ദിനങ്ങളാണ്. കേരളത്തനിമയാർന്ന വേഷങ്ങൾ ധരിച്ചാണ് ഇന്നലെ മിക്ക ഓഫീസുകളിലും ജീവനക്കാർ എത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പേരിനു മാത്രമായിരുന്നു ഓണാഘോഷം. ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ നടന്ന ഓണാഘോഷത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ജീവനക്കാരുടെ ഓണക്കളി മത്സരങ്ങളും അരങ്ങേറി. ഹെഡ് സർവേയർ ഷിബു ബാലൻ, ജീവനക്കാരായ ജയസൂര്യ, അഷ്‌കർ, ജസ്റ്റിൻ, ജൂടിത്, അഖിൽ തിടങ്ങിയവർ നേതൃത്വം നൽകി. ചെന്നിത്തല ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ഓണാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. അത്തപൂക്കളവും ഓണ സദ്യയും ഒരുക്കിയായിരുന്നു ആഘോഷം. പാവുക്കര എം.ഡി.എൽ.പി സ്‌കൂളിൽ നടന്ന ഓണാഘോഷം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സെലീന നൗഷാദ് ഉദ്‌ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്തംഗം ചാക്കോ കയ്യത്ര, വിനു ഗ്രീത്തോസ്‌, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.