ആലപ്പുഴ: സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ തിരുവോണ ലഹരിയിൽ നാടും നഗരവും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷത്തിൽ നിന്ന് പിൻവാങ്ങിയതോടെ നഗരത്തിലും നാട്ടിൻ പുറങ്ങളിലും ക്ളബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷപരിപാടികൾ ഇത്തവണ വിരളമാണ്. എങ്കിലും ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളുമായി പതിവുപോലെ ഇക്കുറിയും വർണാഭമാണ് തിരുവോണം. ഒത്തൊരുമയുടെയും സമത്വത്തിന്റെയും ഉത്സവമായ പൊന്നോണം മലയാളികൾക്ക് ഗൃഹാതുര സ്മരണകളുയർത്തുന്ന ഒന്നാണ്.

കോടിയുടുത്ത് ഓണസദ്യ

പുലർച്ചെയുള്ള ക്ഷേത്ര ദർശനമാണ് തിരുവോണ ദിനത്തിലെ പ്രധാന പതിവ്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കിടങ്ങാംപറമ്പ്, മുല്ലയ്ക്കൽ, തിരുവമ്പാടി, ചെട്ടികുളങ്ങര, ചക്കുളത്തുകാവ്, കണിച്ചുകുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കലിന് ശേഷം കുടുംബത്തിലെ മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് ഓണക്കോടി നൽകും. പിന്നാലെ ഓണസദ്യയൊരുക്കും. ഉച്ചയ്ക്ക് കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കും ഓണസദ്യ. ഓണ സദ്യയ്ക്ക് ശേഷം ബന്ധുവീടുകളിൽ സന്ദർശനവും ഓണഘോഷവും നടക്കും.വൈകുന്നേരം ആലപ്പുഴ ബീച്ച് ഉൾപ്പടെ ഓണം ആഘോഷിക്കാനെത്തുന്നവരുടെ വൻ തിരക്കിലമരും.

കാശ്പൊടിച്ച് ഉത്രാടപ്പാച്ചിൽ

സദ്യവട്ടം ഒരുക്കുന്നതിനുള്ള തയാറെടുപ്പുകൾക്ക് ഉത്രാടപ്പാച്ചിലോടെ വിരാമമായി. ഓണത്തിരക്ക് അതിന്റെ പാരമ്യത്തിലെത്തിയ ശനിയാഴ്ച വൈകുന്നേരം ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആലപ്പുഴ നഗരത്തിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് പ്രധാന റോഡുകളിലെല്ലാം അനുഭവപ്പെട്ടത്. ജില്ലയിലെ പ്രധാന ടൗണുകളായ അമ്പലപ്പുഴ, ചേ‌ർത്തല, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലും രാവിലെ മുതൽ വൻ തിരക്കായിരുന്നു. വഴിവാണിഭ കേന്ദ്രങ്ങളും ടെക്സ്റ്റൈൽ,​ ഇലക്ട്രോണിക് ഉപകരണ വിൽപ്പന ശാലകളും ജനനിബിഡമായി.

സർക്കാർ, സ്വകാര്യ സംരംഭങ്ങൾക്ക് പുറമേ കർഷകരും വിവിധ സംഘടനകളും നടത്തിയ വഴിയോര വിപണികളിലും നല്ല തിരക്കാണ് തിരുവോണത്തലേന്ന് പ്രകടമായത്. ബോണസ്, ഫെസ്റ്റിവൽ അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചതോടെ വസ്ത്ര, ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിപണികൾ ഇത്തവണയും സജീവമായി. മിക്ക വസ്ത്ര വ്യാപാര കേന്ദ്രങ്ങളും തിരക്ക് കാരണം ഇന്നലെ രാത്രി വൈകിയാണ് അടച്ചത്.