
ആലപ്പുഴ : കുട്ടനാട്ടുകാരന് വധുവായി പോളണ്ട് സ്വദേശിനി. പുളിങ്കുന്ന് കാവലയിൽ പരേതനായ ചന്ദ്രൻ - ഗീത ദമ്പതികളുടെ മകനായ ശ്രാവൺ രാജാണ് പോളണ്ട് സുച്ചി ലാസ് പ്ലാസിൽ പാവെൽ മാർസിനിയാക്- ബോസെന മാർസിനിയാക് ദമ്പതികളുടെ മകളായ സൂസന്ന മാർസിയാനിയാക്കിനെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വച്ച് താലി ചാർത്തിയത്.
എട്ട് വർഷം മുമ്പ് മാസ്റ്റേഴ്സ് പഠനവുമായി പോളണ്ടിൽ എത്തിയ ശ്രാവൺരാജ് പാർട്ട് ടൈം ജോലി നോക്കിയപ്പോൾ തുടങ്ങിയതാണ് സൂസന്നയുമായുള്ള അടുപ്പം. പോളണ്ടിലെ ട്രൂബ് ഇന്റർ നാഷണൽ കമ്പനിയിലെ ജീവനക്കാരനാണ് ശ്രാവൺ. സൂസന്ന ബുക്കിംഗ് ഡോട്ട് കോം കമ്പനിയിലെ ജീവനക്കാരിയും.
ട്രൂബ് ഇന്റർ നാഷണൽ കമ്പനിയുടെ ഒരു ശാഖ ചെന്നൈയിൽ തുടങ്ങുന്നതിനായുള്ള രജിസ്ട്രേഷനായി കഴിഞ്ഞ നവംമ്പറിലാണ് ശ്രാവൺ നാട്ടിലെത്തിയത്. ഇതിനിടെ ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താൻ തീരുമാനിച്ചു. സൂസന്ന വിസിറ്റിംഗ് വിസയിൽ കഴിഞ്ഞ 7ന് ഇന്ത്യയിലെത്തി. പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്തു. 12ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വച്ച് താലിചാർത്തൽ നടത്തി. ഗുരുധർമ്മ പ്രചരണ സഭകേന്ദ്രസമിതി അംഗം എം.രവീന്ദ്രൻ കായംകുളം മുഖ്യകാർമികത്വം വഹിച്ചു. അടുത്ത 7ന് ദമ്പതികൾ ചെന്നൈയിലേയ്ക്ക് മടങ്ങും.