ആലപ്പുഴ: സുഭദ്ര കൊലക്കേസിൽ റിമാൻഡിലുള്ള പ്രതികളെ ഓണാവധിക്കുശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് സുഭദ്ര ധരിച്ചിരുന്ന വസ്ത്രങ്ങളും വിൽക്കുകയും പണയം വയ്ക്കുകയും ചെയ്ത ആഭരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.
കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ പിടിയിലായ ശർമ്മിള (52), ഭർത്താവ് മാത്യൂസ് (35)
മാത്യൂസിന്റെ ബന്ധു റൈനോൾഡ്(50) എന്നിവരാണ് റിമാൻഡിലുള്ളത്.
ശർമ്മിളയ്ക്കും മാത്യൂസിനും ആഡംബര ജീവിതത്തിനും മദ്യപാനത്തിനുമുള്ള പണം കണ്ടെത്താനായിരുന്നു കവർച്ചയും കൊലപാതകവും. ഇതിനായി മൂവരും ചേർന്ന് തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ പല തവണയായി മോഷ്ടിച്ചു.
7ന് രാവിലെ തന്റെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര അവ തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും പറഞ്ഞതോടെയാണ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിച്ച ശേഷം മൃതദേഹം മറവ് ചെയ്തു. സുഭദ്രയെ കാണാനില്ലെന്ന് മകൻ കടവന്ത്ര പൊലീസിൽ നൽകിയ പരാതി അന്വേഷിക്കുന്നതിലുണ്ടായ വീഴ്ചയാണ് കൊലപാതകം പുറംലോകം അറിയുന്നത് വൈകാനും പ്രതികൾക്ക് നാടുവിടാനും അവസരമായത്. മണ്ണഞ്ചേരി പൊലീസിന്റെ ഇടപെടലാണ് സംഭവത്തിന്റെ ചുരുളഴിക്കാനും അറസ്റ്റിനും വഴിവച്ചത്. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ച സംബന്ധിച്ച് എറണാകുളം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.