
ആലപ്പുഴ : ഓണം ലക്ഷ്യമാക്കി ചാരായം വാറ്റിയ യുവാവിനെ വാറ്റുപകരണങ്ങളോടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലമേൽ ഉളവുക്കാട് പള്ളിപ്പടീറ്റത്തിൽ രതീഷിനെയാണ് (38) എക്‌സൈസ് സി.ഐ പി.അൻവർ സാദത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 12 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നൂറനാട് പാലവിള മുക്കിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒരു കുപ്പി ചാരായത്തിന് 800 രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. മുമ്പ് ടിപ്പർ ലോറി ഓടിച്ചിരുന്ന രതീഷ് വൻലാഭം പ്രതീക്ഷിച്ചാണ് ചാരായ കച്ചവടത്തിലേക്ക് തിരിഞ്ഞത്. ചാരായത്തിന് നിറവും സ്വാദും കിട്ടാൻ ദാഹശമനി ഉപയോഗിച്ചാണ് രതീഷ് വാറ്റുന്നത്.എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പ്രസന്നൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബെന്നി മോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ താജുദ്ദീൻ, വി.കെ.രാജേഷ് കുമാർ, രാകേഷ് ആർ. കൃഷ്ണൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.