kylm

ആലപ്പുഴ: പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ പൊളിച്ചുതുടങ്ങിയതോടെ സ്ഥലപരിമിതിയിൽ നട്ടംതിരിയുകയാണ് യാത്രക്കാരും ജീവനക്കാരും. നിലവിലെ കെട്ടിടത്തിൽ യാത്രക്കാർക്ക് പ്രവേശനമില്ലാതായതോടെ മഴയും വെയിലും കൊണ്ട് നരയിക്കാനാണ് യാത്രക്കാരുടെ വിധി. ബസ് കാത്തുനിൽക്കാൻ ബദൽ സംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി. ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന 46 സർവീസുകൾക്ക് പുറമേ ദേശീയപാതവഴി കടന്നുപോകുന്ന ആയിരത്തോളം സർവീസുകളും വന്നുപോകുന്ന കായംകുളത്ത് യാത്രക്കാർക്ക് കയറിനിൽക്കാൻ താത്കാലികമായെങ്കിലും സംവിധാനം സജ്ജമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ഒന്നരമാസത്തിനകം പൊളിച്ചുമാറ്റി,​ പുതിയതിന്റെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. യു.പ്രതിഭ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച പത്തുകോടി രൂപയ്ക്കാണ് നിർമ്മാണം.

കയറിനിൽക്കാൻ ഇടമില്ല

1. ഡിപ്പോ കെട്ടിടം പൊളിച്ചുനീക്കുന്നതിന് കരാറെടുത്തവർ അപകടങ്ങൾ ഒഴിവാക്കുന്നതിന് കെട്ടിടത്തിന്റെ നാലുവശവും വേലികെട്ടി തിരിച്ചതാണ് യാത്രക്കാർക്കും ബസുകൾ നിരത്തിയിടുന്നതിനും തടസമായത്

2.ബസ് സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്കും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സെക്യൂരിറ്റി ഓഫീസിന്റെ ഒരു ഭാഗത്തേക്കും ടിക്കറ്റ് ക്യാഷ് വിഭാഗം കാന്റീൻ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കും മാറ്റിയെങ്കിലും ഇവിടെയും നിന്നുതിരിയാൻ ഇടമില്ല

3. താഴത്തെ നിലയിൽ ഷോപ്പിംഗ് കോംപ്ളക്സ് ഉൾപ്പെടെ രണ്ട് നിലകളിലായാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. മുകൾ നിലയിലാണ് ഓഫീസ്. താഴത്തെ നിലയിൽ ബസ് പാർക്കിംഗിനും യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സൗകര്യമുണ്ടാകും

4.ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ സി.സി ടി.വി കാമറകൾ, മാലിന്യ സംസ്കരണ സംവിധാനം, എന്നിവയും സജ്ജമാകും. ഇൻഫർമേഷൻ സെന്റർ, പൊലീസ് എയ്ഡ് പോസ്റ്റ്, ഫീഡിംഗ് സെന്റർ, വനിതാ, ശിശു സൗഹൃദകേന്ദ്രം എന്നിവയുണ്ടാകും

5.ഡിജിറ്റൽ ഡിസ് പ്ളേ ബോർഡ്, ബസുകളും റൂട്ടുകളുമുൾപ്പെടുന്ന ഡിജിറ്റൽ സമയവിവരപ്പട്ടിക, ഫ്ലഡ് ലൈറ്റ് , അമ്പതോളം കടമുറികൾ എന്നിവയും പുതിയകെട്ടിടത്തിലുണ്ടാകും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല.

കായംകുളം ഡിപ്പോ

ഷെഡ്യൂൾ: 46

വന്നുപോകുന്ന സർവീസുകൾ: 1000

ദിവസകളക്ഷൻ: ₹ 7 ലക്ഷം

ജീവനക്കാർ: 750

...............................

കെട്ടിടത്തിന്റെ പ്ളാൻ അംഗീകാരത്തിനായി ചീഫ് ഓഫീസിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ചീഫ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചശേഷം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഡിപ്പോ നിർമ്മാണത്തിനുള്ള നടപടി കൈക്കൊളളും. ബസ് കാത്തുനിൽക്കാൻ നിലവിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് മുന്നിലും ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ എത്തിച്ചേരുന്നിടത്തും താൽക്കാലിക ഷെൽട്ടറുകൾ നിർമ്മിക്കും. - എ.ടി.ഒ, കായംകുളം