
ഹരിപ്പാട്: അപ്പർ കുട്ടനാട്ടിലെ ചെറുതന ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരം തുരുത്ത് പാണ്ടി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രഖ്യാപനം നടത്തിയ കൊറ്റി സംരക്ഷണം ഒന്നര പതിറ്റാണ്ടിന് ശേഷവും പ്രാവർത്തികമാകാതെ പ്രഖ്യാപനത്തിന് ഒതുങ്ങുന്നു. വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് അപ്പർ കുട്ടനാട്ടിലെ പച്ച ചെക്കിടിക്കാട്, പാണ്ടി , വീയപുരം പഞ്ചായത്തിലെ പായിപ്പാട് എന്നീ പ്രദേശങ്ങളെ കൊറ്റി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ 12 മാസവും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദേശിയും സ്വദേശീയരമായ ഡസൻ കണക്കിന് കൊറ്റികളുടെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. പ്രഖ്യാപനത്തിന് ശേഷം വീയപുരം പഞ്ചായത്തിലെ പായിപ്പാട് സർക്കാർ വിത്തുൽപാദന കേന്ദ്രത്തിന് സമീപവും ചെറുതന ഗ്രാമപഞ്ചായത്തിലെ പാണ്ടി പുത്തനാർ പാലത്തിന് തെക്കേ കരയിലും അമ്പലപ്പുഴ തിരുവല്ലാ സംസ്ഥാന പാതയിൽ തകഴി പഞ്ചായത്തിലെ പച്ച ചെക്കിടിക്കാട് പാലത്തിന് പടിഞ്ഞാറെ കരയിലും ഉൾപ്പെടെ കൊറ്റി സംരക്ഷണ ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡുകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായത്. വനമേഖലയ്ക്ക് സമാനമായി കാടുപിടിച്ചും ജനവാസം കുറഞ്ഞും കിടന്നിരുന്ന പ്രദേശത്ത് കൊക്ക് എന്ന പേരിലറിയപ്പെടുന്ന വിദേശയിനം ചെറുതും വലുതുമായ കൊറ്റികൾ കൂട്ടമായാണ് എത്തിയിരുന്നത്. കുട്ടനാട്ടിൽ കൃഷിയിറക്ക് വേളയിൽ ആയിരക്കണക്കിന് കൊറ്റികളാണ് പാടശേഖരങ്ങളിൽ എത്തുന്നത്. കൗതുകമുണർത്തുന്ന കാഴ്ച കൂടിയാണിത്. പ്രഖ്യാപനത്തിന് അനുസരിച്ച് ഇവയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് നാൾക്കുനാൾ പ്രസക്തി ഏറുകയാണ്. വേട്ടയാടുന്നതിനെതിരെ എങ്കിലും നടപടിവേണമെന്ന ആവശ്യവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
.......
# കൊക്കുകളെ പിടികൂടാൻ വേട്ടസംഘം
വലിയ കൊക്കുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ സാമൂഹ്യ വിരുദ്ധർ എയർഗണ്ണ് ,ചവണ , വല എന്നിവ ഉപയോഗിച്ച് കൊക്ക് വേട്ട നടത്താറുണ്ടായിരുന്നു. ചെറുവള്ളങ്ങളിൽ പ്രദേശത്ത് എത്തുന്ന സംഘം വേട്ടയാടി പിടിക്കുന്ന കൊക്കുകളെ കുട്ടനാട് - അപ്പർ കുട്ടനാടൻ മേഖലകളിലെ കള്ളുഷാപ്പുകളിൽ വിൽക്കലാണ് പതിവ്. ഷാപ്പുടമകൾ അയക്കുന്ന വേട്ട സംഘങ്ങൾ വരെ പ്രദേശത്ത് തമ്പടിച്ചിരുന്നു. കള്ളുഷാപ്പുകളിെലെ പ്രധാന വിഭവം തന്നെയായിരുന്നു കൊറ്റിയിറച്ചി.സർക്കാർ ഇത് നിരോധിച്ചതോടെ വേട്ട സംഘങ്ങളിൽ കുറവു വന്നിട്ടുണ്ട്.