ആലപ്പുഴ : ശബരിമലയിലേക്കുള്ള എളുപ്പമാർഗമെന്നതിലുപരി, നിർദ്ദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽപ്പാത ജില്ലയുടെ യാത്രാസ്വപ്നങ്ങളും റെയിൽവേ വികസനവും യാഥാർത്ഥ്യമാക്കും. കായംകുളത്തിന് പുറമേ ചെങ്ങന്നൂർ കൂടി റെയിൽവേ ജംഗ്ഷനായി രൂപാന്തരപ്പെടുന്നതോടെ കോട്ടയം റൂട്ടിൽ കൂടുതൽ സർവീസുകൾക്കും പദ്ധതി സഹായകമാകും.

രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ട്രെയിൻമാർഗം പമ്പയിലെത്താനുള്ള വഴി തെളിയുന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൂടുതൽ സർവീസുകൾക്കും വഴി തുറക്കും.

അഞ്ച് വർഷം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ചെങ്ങന്നൂർ – പമ്പ റെയിൽപ്പാത കേന്ദ്രമന്ത്രിസഭയുടെയും റെയിൽവേ ബോർഡിന്റെയും അനുമതി ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും.

ഫാസ്റ്റ് റെയിൽ ട്രാൻസിസ്റ്റ് സിസ്റ്റം എന്ന ആധുനിക ബ്രോഡ് ഗേജ് ഇരട്ടപ്പാതയാണ് ലക്ഷ്യം. പദ്ധതിയ്ക്ക് 81.367 ഹെക്ടർ വനഭൂമി നഷ്ടമാകുന്നതിനു പകരമുള്ള പരിസ്ഥിതി പ്രതിരോധ മാർഗങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെങ്ങന്നൂർ - പമ്പ : 59.23 കി.മീ

ചെങ്ങന്നൂരിലേക്ക് കൂടുതൽ സർവീസുകളെത്തും

ചെ​ങ്ങ​ന്നൂ​രി​ൽ​ നി​ന്ന്​ പു​റ​പ്പെ​ട്ട് ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി, അ​ത്തി​ക്ക​യം, നി​ല​യ്ക്ക​ൽ, ചാ​ല​ക്ക​യം വ​ഴി​യാ​ണ് പാ​ത പ​മ്പ​യി​ലെ​ത്തു​ന്ന​ത്.

 ചെങ്ങന്നൂർ, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് പാതയിലെ സ്റ്റേഷനുകൾ

 പാതയിൽ വിവിധ സ്ഥലങ്ങളിലായി 22 പാലങ്ങളും 20 തുരങ്കങ്ങളും നിർമ്മിക്കും

 ഗതാഗതകുരുക്കൊഴിവാക്കുന്നതിനൊപ്പം റോഡ് യാത്രയെക്കാൾ സമയം ലാഭിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടം

 റെയിൽപ്പാത യാഥാർത്ഥ്യമായാൽ സമയം ലാഭിക്കാം. എം.സി റോഡിലെ വാഹനത്തിരക്കും ഗതാഗത കുരുക്കും ഒഴിവാക്കാം

പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കി ശബരിമല തീർത്ഥാടകർക്ക് യാത്രാ സൗകര്യം വിപുലപ്പെടുത്തുന്നതിനൊപ്പം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനവും യാഥാർത്ഥ്യമാക്കും

- കൊടിക്കുന്നിൽ സുരേഷ് എം.പി