ആലപ്പുഴ: ഓണത്തിരക്കിനിടെ ജില്ലയിൽ വിവിധ സ്ഥലങ്ങളിലായുണ്ടായ ചെറുതും വലുതുമായ വാഹന അപകടങ്ങളിൽ പരിക്കേറ്റത് 97 പേർക്ക്. അപകടമരണങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ 39 പേരും വിവിധ സ്വകാര്യ ആശുപത്രികളിലായി 16പേരും ചികിത്സ തേടി. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതിലേറെയും. മദ്യലഹരിയിലാണ് അപകടങ്ങളിലേറിയപങ്കും സംഭവിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ കർശന പരിശോധനയും നിരീക്ഷണവുമുണ്ടായിട്ടും അപകടങ്ങൾ വർദ്ധിച്ചത് പൊലീസും മോട്ടോർ വാഹന വകുപ്പും ഗൗരവമായി എടുത്തിട്ടുണ്ട്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മദ്യലഹരിയുമാണ് അപകടങ്ങൾക്ക് മുഖ്യകാരണമെന്നാണ് വിലയിരുത്തൽ.

ദേശീയപാത 66ന് പുറമേ എം.സി റോഡ്, കായംകുളം- പുനലൂർ റോഡ് , ജില്ലാ റോഡുകളും ഗ്രാമീണ റോഡുകളുമെല്ലാം ദുരന്തപാതകളായി മാറുകയായിരുന്നു.