
മാന്നാർ: മുഹമ്മദ് നബിയുടെ 1499-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന മതപ്രസംഗ പരമ്പരക്ക് സമാപനം കുറിച്ച് മാന്നാറിൽ നടന്ന നബിദിന റാലിക്ക് ക്ഷേത്ര നടകളിൽ സ്വീകരണം നൽകി. മാന്നാറിന്റെ മതമൈത്രിയും സാഹോദര്യവും വിളിച്ചോതി മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്ര നടയിലും ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലുമാണ് സ്വീകരണം നൽകിയത്. വൈകിട്ട് 4.30ന് മാന്നാർ പുത്തൻപള്ളിയിൽ നിന്ന് ആരംഭിച്ച നബിദിനറാലിക്ക് ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രനടയിൽ ക്ഷേത്ര ഭാരവാഹികളായ സജി കുട്ടപ്പൻ, പ്രഭകുമാർ, ശിവൻപിള്ള,ശിവൻകുട്ടി, രാജേന്ദ്രൻ, അജിത്കുമാർ, ഗിരീഷ്, രാജേഷ്, സന്തോഷ്‌കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് തൃക്കുരട്ടി ക്ഷേത്രനടയിൽ എത്തിയ നബിദിന റാലിക്ക് മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവ സേവാസമിതിയും സംയുക്തമായി സ്വീകരണം നൽകി. തൃക്കുരട്ടി ഉപദേശകസമിതിയും തൃക്കുരട്ടി മഹാദേവസമിതിയും സംയുക്തമായി നബിദിന റാലിക്ക് സ്വീകരണം നൽകി ഉപദേശകസമിതി പ്രസിഡന്റ് ഹരികുമാർ ശിവം, സേവാസമിതി പ്രസിഡന്റ് കലാധരൻ കൈലാസം, ഉപദേശക സമിതി സെക്രട്ടറി അനിൽ നായർ ഉത്രാടം, സമിതി സെക്രട്ടറി അനിരുദ്ധൻ ചിത്രാഭവൻ, വൈസ് പ്രസിഡൻറ് അനു കുമാർ ഭാനുഭവനം, ഭാരവാഹികളായ കണ്ണൻ ഗോകുലം, സുന്ദരേശൻ പിള്ളൈ, വിനു കാരാഞ്ചേരിൽ, ഗിരീഷ്‌കുമാർ, വേണു ഏനാത്ത്, മഹേശ്വരൻ, മനോജ് ശിവശൈലം, ഗോപാലകൃഷ്ണൻ., ഹരീഷ് കുമാർ കൈലാസം, എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയും ബൊക്കയും നൽകി വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത് തക്ബീർ ധ്വനികൾ ഉയർത്തിയും പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ദഫ് മുട്ടിന്റെ അകമ്പടിയോടെ പന്നായിക്കടവ്, പരുമലക്കടവ്, സ്റ്റോർജംഗ്ഷൻ, ആലുമ്മൂട് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ പുത്തൻപള്ളിയിൽ സമാപിച്ച നബിദിനറാലിയിൽ മദ്രസാ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിനാളുകൾ പങ്കെടുത്തു. മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി, ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി നവാസ് എൻ.ജെ, വൈസ്പ്രസിഡന്റ് നിയാസ് ഇസ്മായിൽ, സെക്രട്ടറി അബ്ദുൽ കരിം കടവിൽ, ഖജാൻജി കെ.എ ഷാജി, പി.എസ്. സലിം മണപ്പുറത്ത്, റഹ്‌മത്ത് കാട്ടിൽ, ഷഹീർ ബാഖവി, മുഹമ്മദ് നിസാമുദ്ദീൻ നഈമി, എൻ.എ സുബൈർ എന്നിവർ നേതൃത്വംനൽകി.