അരൂർ : തിരുവോണ ദിനത്തിൽ വീട് ഇടിഞ്ഞു വീണു. ഗൃഹനാഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അരൂർ പഞ്ചായത്ത് നാലാം വാർഡ് കടവിൽ ഷിജുവിന്റെ വീടാണ് വെളുപ്പിന് പന്ത്രണ്ടരയോടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീണത്. വീടിന്റെ ഭിത്തികളിൽ വിള്ളലുകൾ വീണതിനെത്തുടർന്ന് ഷിജുവിന്റെ ഭാര്യയും മകനും ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ശബ്ദം കേട്ട് ഷിജു പുറത്തേക്ക് ഓടുകയും വീട് തൽക്ഷണം ഇടിഞ്ഞുവീഴുകയുമായിരുന്നു. 25 വർഷം പഴക്കമുള്ള 3 സെൻറിൽ പണിത വീടാണിത്. കെട്ടിട നിർമ്മാണതൊഴിലാളിയായ ഷിജുവിന്റെ ഭാര്യ മരിയ റിൻസിയും മകൻ ആൽവിനും സംസാരശേഷി ഇല്ലാത്തവരാണ്.