ആലപ്പുഴ: നഗരത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത മാസ്റ്റർ പ്ളാനിൽ ഗതാഗത സൗകര്യങ്ങൾക്കും റോഡ് വികസനത്തിനുമായി വിപുലമായ പദ്ധതി തയ്യാറായി. നഗരത്തിലെ നിലവിലെ റോഡുകളെല്ലാം വീതി കൂട്ടി ഭിന്നശേഷി -കാൽനട സൗഹൃദമായി ഈടുറ്റ നിലയിൽ നിർമ്മിക്കാനാണ് ശുപാർശ. പൊതുമരാമത്ത് - നഗരസഭ വിഭാഗമാണ് റോഡുവികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കേണ്ടത്. നഗരപരിധിയിലെ ചെറുതും വലതുമായ ആറുഡസനിലധികം റോഡുകളാണ് മാസ്റ്റർ പ്ളാൻ പ്രകാരം വികസിപ്പിക്കേണ്ടത്. ട്രാഫിക് സോൺ,​ ഇൻ‌ഡസ്ട്രിയൽ സോൺ,​ ടൂറിസം സോൺ,​ മിക്സഡ് സോൺ തുടങ്ങി നഗരത്തിലെ പതിനഞ്ചോളം സോണുകൾക്ക് അനുയോജ്യമാം വിധമുള്ള റോഡ് വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.

ഭാവിയിൽ നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കുക്ക് ഒഴിവാക്കാൻ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാനും ആലപ്പുഴ നഗരത്തിൽ നിന്ന് ചങ്ങനാശേരി റോഡിലേക്ക് ബൈപ്പാസ് റോഡിന് മാസ്റ്റർ പ്ളാൻ ശുപാർശ ചെയ്തിട്ടുണ്ട്. മൊബിലിറ്റി ഹബ്ബുൾപ്പെടുന്ന നഗരത്തിലെ ട്രാഫിക് സോണും ബീച്ച് മുതൽ പുന്നമടവരെ നീളുന്ന ടൂറിസം സോണുമായി, ആലപ്പുഴ- ചങ്ങനാശേരി റോഡിനെ ബന്ധിപ്പിക്കും വിധമായിരിക്കും നിർമ്മാണം. ദേശീയപാത 66,​ ബൈപ്പാസ് എന്നീ റോഡുകളിൽ നിന്നുളള യാത്രക്കാർക്കും വാഹനഗതാഗതത്തിനും കൂടി ഉപയോഗപ്പെടുത്താൻ കഴിയും വിധമാകും ബൈപ്പാസിന്റെ രൂപകൽപ്പന.

 ബൈപ്പാസിന്റെ ദൈർഘ്യം

രണ്ടര മുതൽ മൂന്ന് കിലോമീറ്റർ

കരളകത്തേക്ക് നിന്ന് നെഹ്രുട്രോഫിയിലേക്ക് ഫുട് ഓവർ ബ്രിഡ്ജ്

കരളകത്ത് നിന്ന് നെഹ്രുട്രോഫിയിലേക്കുള്ള ഫുട് ഓവർ ബ്രിഡ്ജ് നെഹ്രുട്രോഫി വാർഡുകാർക്ക് ആശ്വാസമാകും. നെഹ്രുട്രോഫി വള്ളംകളിയുടെ പഴയ സ്റ്റാർട്ടിംഗ് പോയിന്റിനെ കരളകവുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഡിസൈനിംഗ് പുരോഗമിച്ചുകൊണ്ടിരിക്കെ നെഹ്രുട്രോഫി വാർഡ് നിവാസികൾക്ക് വള്ളത്തെ ആശ്രയിക്കാതെ കാൽനടയായിട്ടായാലും യാത്ര ചെയ്യാമെന്നതാണ് നേട്ടം. രണ്ടുകോടിയോളം രൂപയാണ് ഇതിന് ചെലവുവരും. ഇത് കൂടാതെ നിലവിൽ യാത്രാത്തിരക്കും ഗതാഗത കുരുക്കുമേറിയ മംഗലം റെയിൽക്രോസിന് പകരം റെയിൽവേ ഓവർ ബ്രി‌ഡ്ജിനുള്ള ശുപാർശയും മാസ്റ്റർ പ്ളാനിലുണ്ട്.