മാന്നാർ: 58-ാമത് മാന്നാർ മാഹാത്മാ ജലോത്സവം നാളെ ഉച്ചക്ക് 2.30 മുതൽ പമ്പയാറ്റിൽ കൂര്യത്ത് കടവിലുളള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ജലോത്സവത്തിന്റെ ഒരുക്കങ്ങളും വള്ളങ്ങളുടെ രജിസ്‌ട്രേഷനും പൂർത്തിയായതായി ജന.കൺവീനർ അഡ്വ.എൻ.ഷൈലാജും ജന.സെക്രട്ടറി ടി.കെ ഷാജഹാനും അറിയിച്ചു. 12 ചുണ്ടൻ വള്ളങ്ങൾ, 6 വെപ്പ് വളളങ്ങൾ, വെപ്പ് ഗ്രേഡ് 2, ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ ഉൽപ്പെടെ 40ൽപരം കളി വളളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ആറൻമുള പള്ളിയോടങ്ങൾ ജലഘോഷയാത്രയ്ക്ക് മാറ്റേകും. കൊടിക്കുന്നിൽ സുരേഷ് എം.പി പതാക ഉയർത്തും. ജലമേളയുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവ്വഹിക്കും. മന്ത്രി സജി ചെറിയാൻ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.ജെ.കുര്യൻ സല്യൂട്ട് സ്വീകരിക്കും. ആന്റോ ആന്റണി എം.പി. സമ്മാനദാനം നിർവ്വഹിക്കും. വെപ്പ് വളളങ്ങളിൽ ഒന്നാമതെത്തുന്ന വള്ളത്തിന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ചാണ്ടി ഉമ്മൻ എം.എൽ.എ സമ്മാനിക്കും.
2024 പ്രവാസി അംഗവും, മമൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ചെയർമാനുമായ അജയ കുമാറിന് ഇത്തവണത്തെ മഹാത്മാഗാന്ധി അവാർഡ് നൽകുവാൻ ജലോത്സവ സമിതി തീരുമാനിച്ചു. 1 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് തുക. ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് നൽകുന്നത്. അഡ്വ.എൻ.ഷൈലാജ്. ടി.കെ ഷാജഹാൻ, കെ.പി.സോമരാജൻ ഐപ്പ് ചക്കിട്ട, ഫിലിപ്പ് തോമസ്, സാബു ട്രാവൻകൂർ, ദീപു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ജലോത്സവത്തിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു. വള്ളങ്ങളുടെ ഹീറ്റ്സും ട്രാക്കും നിശ്ചയിക്കുന്നതിനായി ഇന്ന് രാവിലെ 9.30 ന് ജലോത്സവ സമിതി ഓഫീസിൽ നറുക്കെടുപ്പ് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.