
മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണത്തിന് തുടക്കംകുറിച്ച് ആദ്യ വൃക്ഷ സമർപ്പണവും വൃക്ഷപൂജയും നടത്തി. ക്ഷേത്രത്തിൽ നടത്തിയ ഒറ്റരാശി ദേവപ്രശ്നത്തിന്റെയും ക്ഷേത്രം തന്ത്രിയുടെയും നിർദ്ദേശാനുസരണം ചിങ്ങമാസത്തിൽത്തന്നെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ആതിര നിവാസിൽ ഗോപകുമാർ ആദ്യ വൃക്ഷ സമർപ്പണവും ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ വൃക്ഷ പൂജയും നടത്തി. തുടർന്ന് വൃക്ഷം കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് താലപ്പൊലികളോടും വാദ്യമേളങ്ങളോടും കൂടി തേവരിക്കൽ ക്ഷേത്രത്തിലേക്ക് എത്തിച്ചു. ക്ഷേത്രത്തിൽ എത്തിച്ച വൃക്ഷം മേൽശാന്തി ആരതിയൊഴിഞ്ഞ് സ്വീകരിക്കുകയും ജിർണ്ണോദ്ധാരണ സമിതി ചെയർമാൻ ബി.ശ്രീകുമാർ വൃക്ഷം സമർപ്പിച്ച ഗോപകുമാറിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ ക്ഷേത്രം ക്രോഷ്ഠമുനിയുടെ തേവാരപ്പുര ആയിരുന്നു എന്നാണ് വിശ്വാസം. തുടർച്ചയായി ഒമ്പത് മഹാരുദ്രയജ്ഞം നടത്തിയ ക്ഷേത്രമെന്ന ഖ്യാതിയും, മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായി 2027ൽ അതിരുദ്ര മഹായജ്ഞം നടക്കാൻ പോകുന്ന ക്ഷേത്രം എന്ന ഖ്യാതിയും ക്ഷേത്രത്തിനുണ്ട്. എന്നാൽ കാലപ്പഴക്കം കൊണ്ട് ക്ഷേത്രം കഴിഞ്ഞ കുറെ വർഷമായി ജീർണാവസ്ഥയിൽ ആയിരുന്നു. ക്ഷേത്ര ഉപദേശക സമിതിയുടെ കുറെ വർഷത്തെ ശ്രമഫലമായി ക്ഷേത്രജീർണ്ണോധാരണത്തിന്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയതിൻ തുടർന്ന് ജീർണ്ണോദ്ധാരണ പൊതുയോഗം സംഘടിപ്പിക്കുകയും ഇതിനായി ഒരു പ്രത്യേക കമ്മിറ്റി ക്ഷേത്ര ഉപദേശക സമിതിയുയോടൊപ്പം നിലവിൽ വരികയും ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് അശ്വിനി,സെക്രട്ടറി ആർ.വിശാഖ്, ജിർണ്ണോദ്ധാരണ സമിതി ചെയർമാൻ ബി.ശ്രീകുമാർ, ജന.കൺവീനർ ആർ.അജീഷ് എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.