ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ പുന്നമടക്കായലിൽ വള്ളംകളിയുടെ ഓളം അലതല്ലാൻ ഇനി
10 ദിവസം മാത്രം. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്
നെഹ്റു ട്രാേഫി ജലമേള മാറ്റിവച്ചത്. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന ജലമേളയാണ് 28ന് നടക്കുന്നത്. ചെറുജലമേളകൾ കൊണ്ട് കുട്ടനാട് സജീവമായിക്കഴിഞ്ഞു. പുന്നമടയിൽ പവലിയൻ പുനർനിർമ്മാണത്തിനുള്ള പ്രവർത്തികൾക്ക് തുടക്കമായി. ടീമുകൾ ട്രയലുകളുമായി മുന്നേറുകയാണ്. ഇന്ന് മുതൽ ക്യാമ്പുകൾ വീണ്ടും സജീവമാകും. ജലമേളയുടെ പ്രൗഢി അറിയിച്ചുകൊണ്ട് കയർ കോർപ്പറേഷൻ കയറിൽ തീർത്ത ഭാഗ്യ ചിഹ്നത്തെ ഒരുക്കിക്കഴിഞ്ഞു.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കും. അവർക്ക് ബോണസിന് അർഹതയുണ്ടാവില്ല. അശ്ലീലപ്രദർശനവും, അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തും. മത്സര ദിവസം വളങ്ങളിൽ പ്രദർശിപ്പിക്കാൻ കമ്മിറ്റി തരുന്ന നമ്പരും നെയിം ബോർഡും നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യരുത്. മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത ക്ലബുകളുടെ ബോണസിൽ 50ശതമാനം കുറവ് വരുത്തും. യൂണിഫോമും ഐഡന്റിറ്റി കാർഡും ധരിക്കാത്ത തുഴച്ചിൽക്കാരുള്ള ചുണ്ടൻ വളളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല.
നെഹ്റു ട്രാേഫി ജലമേള 28ന്
1.നെഹ്‌റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിലെത്തി ഫോം പൂരിപ്പിച്ച് രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം നൽകണം
2.ചുണ്ടൻ വളളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ വളളത്തിനെ അയോഗ്യരാക്കും. വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തിൽ കുറയരുത്. കുറവാണെന്ന് റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറവുവരുത്തും
3.പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മിറ്റി പരിശോധിക്കും. പരിശീലനത്തിൽ ചുണ്ടൻവള്ളങ്ങളിൽ മാസ് ഡ്രിൽ നിർബന്ധം.തുഴച്ചിലുകാർ നീന്തൽ പരിശീലനം ലഭിച്ചവരായിരിക്കണം തുഴച്ചിലുകാരുടെ പ്രായം 18 - 55 ആണ്
4. വള്ളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പു നിറമോ ആയിരിക്കണം.സാരി ഉടുത്ത് തുഴയാൻ അനുവദിക്കില്ല. യൂണിഫോമായ ട്രാക്ക് സൂട്ടും ജേഴ്‌സിയും ആയിരിക്കണം വേഷം
തുഴക്കാർ
ചുണ്ടൻവളളം: 75 - 95
എ ഗ്രേഡ്, വെപ്പ്, ഓടി: 45 - 60
ബി ഗ്രേഡ്, വെപ്പ്, ഓടി: 25 - 35
ഇരുട്ടുകുത്തി എ ഗ്രേഡ്: 45 - 60
ഇരുട്ടുകുത്തി ബി ഗ്രേഡ്: 25- 35
ഇരുട്ടുകുത്തി സി ഗ്രേഡ്: 25വരെ
ചുരുളൻ: 25- 35
തെക്കനോടി: 30ൽ കുറയതുത്