
അമ്പലപ്പുഴ: വണ്ടാനം - കുറവൻതോട് മസ്ജിദിൽ കവർച്ച. ഓഫീസിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടമായി. പുന്നപ്ര ഷറഫുൽ ഇസ്‌ലാം മസ്ജിദിന്റെ ഓഫീസിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ഓഫീസ് സെക്രട്ടറിയെത്തിയപ്പോഴാണ് മുറി തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്ജിദ് സെക്രട്ടറി ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഓഫീസിലെ ഫയലുകൾ ഉൾപ്പെടെയുള്ള വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് ഉള്ളിൽകടന്നത്. പുന്നപ്ര പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. നിരീക്ഷണ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് വരുന്നതും പോകുന്നതും കാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് നീർക്കുന്നം ഇജാബ മസ്ജിദിൽ മോഷണം നടത്തിയയാളാണ് ഇതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പ് പറഞ്ഞു.