
മാവേലിക്കര: നങ്ങ്യാർകുളങ്ങര- മാവേലിക്കര റോഡിൽ അനധികൃത പാർക്കിംഗ് അപകടം ക്ഷണിച്ചുവരുത്തുന്നു. പൊതുവേ തിരക്കേറിയ ഒരു പാതയാണ് നങ്ങ്യാർകുളങ്ങര - മാവേലിക്കര റോഡ് . തിരുവല്ലയ്ക്കും പന്തളത്തിനും പത്തനംതിട്ടയ്ക്കും തിരിച്ച് ആലപ്പുഴക്കും പോകാനുള്ള ഈ റോഡ് വീതികൂട്ടി പുതുക്കിപണിയുക കൂടി ചെയ്തപ്പോൾ ഈ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ കൂടുതലായി ഈ പാതയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ തിരക്കേറിയ പാതയിൽ കരിപ്പുഴ മുതൽ തട്ടാരമ്പലം വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിംഗിന്റെ അപകടക്കെണി. ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കടവൂർ കുളത്തിന്റെ ഭാഗത്താണ് കൂടുതലും വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ദേശീയപാതയിൽനിന്ന് മാവേലിക്കര പത്തനംതിട്ട, ചെങ്ങന്നൂർ, ഭാഗത്തേക്ക് വരുന്ന വലിയ ചരക്കുവാഹനങ്ങളും ടോറസുപോലുള്ള വാഹനങ്ങളുമാണ് ഇവിടെ അനധികൃതമായി പാർക്കുചെയ്യുന്നത്. എം.സാന്റ്, മെറ്റൽ, മണൽ തുടങ്ങിയ സാധനങ്ങൾ പ്രദേശങ്ങളിലെ ഏജന്റുമാർക്ക് നൽകിയശേഷം തിരികെ പോകുമ്പോൾ മറ്റ് എന്തെങ്കിലും ലോഡുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇത്തരം വാഹനങ്ങൽ ഇവിടെ പാർക്കുചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ വാഹനങ്ങൾ ഇങ്ങനെ പാർക്കുചെയ്യുന്നതിനാൽ ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷകളും സൈക്കിളിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികളും കാൽനടക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. കാൽനട യാത്രക്കാരെല്ലാം റോഡിലേക്ക് ഇറങ്ങിനടക്കേണ്ട അവസ്ഥയാണ് ഇവിടെ.
........
അപകടങ്ങൾ പതിവ്
വലിയ വാഹനങ്ങളുടെ പാർക്കിംഗ് മൂലം മുട്ടം മുതൽ തട്ടാരമ്പലം വരെ ദിവസേന ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയാണ്. സ്‌കൂൾ സമയങ്ങളിലും വൈകുന്നേരങ്ങളിലും ഏറെ ജനതിരക്കേറിയ റോഡാണ് നങ്ങ്യാർകുളങ്ങര- മാവേലിക്കര റോഡ്.
.........
''വലിയ വാഹനങ്ങളുടെ മറവുകാരണം എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ പറ്റാതെവരികയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അനധികൃതമായ ഇത്തരം പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടികളെടുക്കണം.
നാട്ടുകാർ