
ആലപ്പുഴ: വിദേശികൾ മലയാളികളുമായി ചേർന്ന് ബീഹാറിലെ നളന്ദ സർവ്വകലാശാലയിൽ പാരമ്പര്യതനിമയിൽ ഓണമാഘോഷിച്ചു. മലയാളികളായ 11 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് നളന്ദയിലുള്ളത്. ഇവരുടെ കൂട്ടായ്മയാണ് ആവേശവും തനിമയും ചോരാതെ കേരള സംസ്‌കാരത്തെ വിദേശ വിദ്യാർത്ഥികൾക്ക് മുന്നിലും വിവിധ സംസ്ഥാനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് മുന്നിലും അവതരിപ്പിച്ചത്. ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥിനികളും മലയാളി മങ്കമാർക്കൊപ്പം തിരുവാതിര ചുവടുകൾ വച്ചു. പൂക്കളം, വടംവലി, ഓണപ്പാട്ടുകളുടെ ആലാപനം എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ആദ്യമായാണ് സർവകലാശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചത്.