mananr-post-office

മാന്നാർ: മാന്നാർ പോസ്റ്റോഫീസിൽ ആളുകൾ എത്തണമെങ്കിൽ ചെളിയും മാലിന്യങ്ങളും ചാടിക്കടക്കണം. ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പോസ്റ്റ് ഓഫീസിനെയാണ് മാന്നാറിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. എസ്.ബി അക്കൗണ്ട്, ആർഡി അക്കൗണ്ട്, ഇന്ദിര വികാസ് പത്ര, പോസ്റ്റൽ ലൈഫ്, ഇൻഷുറൻസ്, മണി ഓർഡർ എന്നീ സേവനങ്ങൾക്കായി പ്രതിദിനം നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. പോസ്റ്റ് ഓഫീസിന്റെ മുൻവശത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ വെള്ളം കെട്ടിക്കിടന്ന് ചെളിയും മാലിന്യവും കാൽ നടയാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്. ഇതുവഴി സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. സമീപത്തുണ്ടായിരുന്ന ഓട മണ്ണും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതോടെ മഴക്കാലത്ത് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വെള്ളക്കെട്ടിലാവുന്നതും പതിവാണ്.

നാട്ടുകാരുടെ പരാതി ഏറിയതോടെ ഏറെ നാളുകൾക്ക് മുമ്പ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്തെങ്കിലും വീണ്ടും പൂർവ സ്ഥിതിയിലേക്കായി.

.........

''രാത്രികാലങ്ങളിൽ കച്ചവട സ്ഥാപനങ്ങളിലെ ചപ്പുചവറുകൾ കൊണ്ട് വന്ന് നിക്ഷേപിക്കുന്നതാണ് മാലിന്യക്കൂമ്പാരത്തിന് കാരണം. ടൗണിന്റെ പ്രധാന കേന്ദ്രമായ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കണം

-നാട്ടുകാർ