
ചെന്നിത്തല: ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാനായി ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോട കടവിൽ നിന്ന് ആറന്മുളയ്ക്ക് പുറപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളുടെ നിറവിൽ അച്ചൻകോവിലാറ്റിൽ നിന്ന് തിരുവാറന്മുളയിലേക്ക് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടമായ ചെന്നിത്തല പള്ളിയോടം ചെന്നിത്തല തെക്ക് 93-ാംനമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അച്ചൻകോവിൽ, കുട്ടമ്പരൂർ, പമ്പ എന്നീ മൂന്ന് നദികളിലൂടെ ഒന്നരദിവസം സഞ്ചരിച്ചാണ് പള്ളിയോടം ആറന്മുളയിലെത്തുക. വിവിധ ക്ഷേത്രങ്ങളിൽ വഞ്ചിപ്പാട്ട് പാടി ദർശനം നടത്തി വഴിപാടുകൾ കഴിച്ചശേഷമാണ് പൂരുരുട്ടാതി നാളായ ഇന്നലെ പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെട്ടത്. ഇന്നലെ രാവിലെ പള്ളിയോടകടവിൽ ഭക്തജനങ്ങളിൽ നിന്നും നിറപറ, അവിൽപൊതി, മുത്തുക്കുട, നയമ്പ്, താംബൂലാദി വഴിപാടുകളും സ്വീകരിച്ചു.രാവിലെ 9 .30 ന് ഭക്തജനങ്ങളുടെ ആശിർവാദത്തോടെ തിരുവാറന്മുളയപ്പന് സമർപ്പിക്കുന്നതിനായി കരയോഗത്തിന്റെ വഴിപാടായി അവൽ, കദളിക്കുല, ധനക്കിഴി, താംബൂലം എന്നിവ കരനാഥൻ ദിപു പടകത്തിൽ പള്ളിയോടത്തിൽ സമർപ്പിച്ച് പള്ളിയോടം ആറന്മുളയ്ക്ക് യാത്ര പുറപ്പെട്ടു. ഭഗവാനുള്ള തിരുമുൽ കാഴ്ച എൻ.എസ്.എസ് മാവേലിക്കര താലുക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കരയും, താലൂക്ക് യൂണിയൻ സെക്രട്ടറി സാനിഷ് കുമാറും ചേർന്ന കരയോഗം പ്രസിഡന്റ് ദിപു പടകത്തിലിന് കൈമാറി. ചടങ്ങിൽ എൻ.എസ്.എസ് പ്രതിനിധി സഭ അംഗം സതീശ് ചെന്നിത്തല, എൻ.എസ്.എസ് മേഖല പ്രതിനിധി ചെന്നിത്തല സദാശിവൻപിള്ള, ബുധനൂർ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.ജി.ഉണ്ണികൃഷ്ണൻ, തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത്, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ട്രഷറർ വിനീത് വി.നായർ, ക്യാപ്റ്റൻ അരുൺകുമാർ, വൈസ് ക്യാപ്റ്റൻ രാജേഷ്, പള്ളിയോട പ്രതിനിധികളായ രാജേഷ് മഠത്തിൽ വടക്കതിൽ, എസ്.സുധീഷ് കുമാർ വിവിധ കരയിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കരയോഗം കമ്മറ്റി അംഗങ്ങൾ, വനിതാസമാജം അംഗങ്ങൾ തുടങ്ങി വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തു.