ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ കാരിച്ചാൽ ബോട്ട് ക്ലബിന്റെ (പള്ളാത്തുരുത്തി ബോട്ട് ക്ളബ്) കൈക്കരുത്തിൽ കാരിച്ചാൽ ചുണ്ടൻ കിരീടത്തിൽ മുത്തമിട്ടു. അച്ചൻകോവിലാറിന്റെ ഇരുകരകളിലും തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേൽപ്പാടം ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ജേതാക്കളായത്.

മഹേഷ് കെ. നായർ ക്യാപ്റ്റനായ പായിപ്പാടൻ ചുണ്ടനാണ് മൂന്നാം സ്ഥാനം. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പായിപ്പാടന് രണ്ടാം സ്ഥാനം നഷ്ടമായത്.

ലൂസേഴ്സ് ഫൈനലിൽ ഷാഹുൽ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയദിവാൻജി ചുണ്ടനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടാം ലൂസേഴ്സ് മത്സരത്തിൽ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവറ്റായും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പവലിയനിൽ നടന്ന ചടങ്ങിൽ തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ വള്ളംകളി ഫ്ലാഗ് ഒഫ് ചെയ്തു. സ്നേക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.കെ. കുറുപ്പ് ജലോത്സവ സോവനീർ പ്രകാശനം ചെയ്തു. എസ്.ഗോപാലകൃഷ്ണൻ ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തുകയും മാസ് ഡ്രില്ലിന് നേതൃത്വം നൽകുകയും ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.