
ഹരിപ്പാട്: എരിയ്ക്കാവ് ജയഭാരത് ലൈബ്രറിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രതിഭാസംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. സാഹിത്യരംഗത്തും കവിതാരചനയിലും വ്യക്തിമുദ്ര പതിപ്പിച്ചവർ, ശാസ്ത്ര സാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടിയവർ, എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയവർ, എയർഹോസ്റ്റസായി സേവനമനുഷ്ഠിക്കുന്നവർ എന്നിവരെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം എ.എം ഇക്ബാൽ സ്വാഗതം പറഞ്ഞു. ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ ടി.എസ് താഹ നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി ആർ.വിജയകുമാർ നന്ദി പറഞ്ഞു.