ambala

അമ്പലപ്പുഴ : സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ മോഷ്ടാക്കളുടേയും സാമൂഹ്യ വിരുദ്ധരുടെ താവളമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മാറുന്നു. കൂട്ടിരിപ്പുകാർക്ക് താമസിക്കാനുള്ള കെട്ടിടത്തിലല്ലാതെ കോമ്പൗണ്ടിലുള്ള ചെറിയ കൂടാരങ്ങളിൽ രാത്രികാലവാസം നിരോധിക്കുകയും രോഗികളുടെ കൂട്ടിരുപ്പുമായി ബന്ധമില്ലാത്ത ആരെയും കോമ്പൗണ്ടിൽ തമ്പടിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ ഒരു പരിധിവരെ സാമൂഹ്യവിരുദ്ധരുടെ സ്വൈരവിഹാരം തടയാനാവും. രാത്രികാലങ്ങളിൽ ആശുപത്രി പരിസരത്ത് പൊലീസ് പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ആശുപത്രിയിലേക്ക് വാഹനങ്ങളിലൂടെ പ്രവേശിക്കാൻ കഴിയുന്നത് ദേശീയപാതയിൽ നിന്നുള്ളപ്രധാന കവാടത്തിലൂടെയും സൂപ്പർ സ്പഷ്യാലിറ്റിയുടെ കിഴക്ക് ഭാഗത്തും നിന്നുമാണ്. വടക്ക് ഭാഗത്തുള്ള ചെറിയ ഗേറ്റിലൂടെയാണ് അവശ്യ സാധനങ്ങൾ വാങ്ങാൻ കൂട്ടിരിപ്പുകാർ പുറത്തേക്ക് പോകുന്നത്. മോർച്ചറിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടി തെക്കോട്ട് നഴ്സിംഗ് ഹോസ്റ്റലിലേക്കും പി.ജി ക്വാർട്ടേഴ്സിലേക്കും പോകുന്ന റോഡാണ് കൂടുതൽ ശ്രദ്ധിക്കപ്പെടാത്ത ഒരു തുറന്നഭാഗം. ഈ റോഡിലൂടെ പോയാൽ ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തെ മതിലിനോട് ചേർന്നുള്ള കോൺക്രീറ്റ് റോഡിൽ പ്രവേശിക്കാം. ആശുപത്രി പരിസരത്ത് നിന്ന് മോഷ്ടിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഈ വഴിയിലൂടെ കടത്തിക്കൊണ്ടു പോകാനാകും. ജെ ബ്ലേക്കിന്റെ ഭാഗത്ത് നിന്നും വളരെ എളുപ്പത്തിൽ സാമൂഹ്യ വിരുദ്ധർക്കും മോഷ്ടാക്കൾക്കും ഈ വഴിയിലൂടെ രക്ഷപ്പെടാനും സാധിക്കും.

രാത്രിയിൽ നിയന്ത്രണം വേണം

 രാത്രി 9മണിക്ക് ശേഷം പ്രധാനകവാടം ഒഴിച്ചുള്ള ഗേറ്റുകൾ അടച്ച് പൂട്ടിയാൽ കുറച്ചു പരിഹാരമാവും

 ആശുപത്രി പരിസരത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലാത്തതാണ് ഗേറ്റുകൾ മുഴുവൻസമയവും തുറന്നിടാൻ കാരണം

 നഴ്സിംഗ് ഹോസ്റ്റലിലേക്ക് പോകുന്ന റോഡിന്റെ ഇരുവശവും മതിൽ കെട്ടി ഗേറ്റ് സ്ഥാപിക്കണം

 അതിനോട് ചേർന്ന് മുറി നിർമ്മിച്ച് ഇവിടെ സുരക്ഷാ ജീവനക്കാരെ ഡ്യൂട്ടിക്കിടണം

ഭീഷണിയായി തെരുവ് നായ്ക്കളും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രികാലങ്ങളിൽ തെരുവുനായ ഭീഷണിയുമുണ്ട്. എ.ബ്ലോക്കിൽ കുട്ടികളുടെ അത്യാഹിത വിഭാഗത്തിന്റെ ഇടനാഴികളിൽ കൂടിയാണ് വാർഡുകളിലേക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പോകേണ്ടത്. ഇവിടേക്കുള്ള കവാടത്തിന് സമീപം പത്തിലേറെ തെരുവ് നായ്ക്കൾ എപ്പോഴുമുണ്ടാകും. ഭക്ഷണപ്പൊതിയുമായി വരുന്ന, രോഗികളുടെ കൂട്ടിരിപ്പുകാരെ നായകൾ പിന്തുടരാറുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും ഭയപ്പാടോടെയാണ് ഇതുവഴി കടന്നു പോകുന്നത്.