ആലപ്പുഴ : പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളും എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ചയും ഉൾപ്പെടെയുള്ള ചൂടേറിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ജില്ലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കും. ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും സംഘടനാ പ്രശ്നങ്ങളും നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളുമുൾപ്പെടെ ബ്രാഞ്ച് സമ്മേളനങ്ങളിൽ സജീവ ചർച്ചയാകും. ഓണാവധി മൂലമാണ് സമ്മേളനങ്ങൾ നിർത്തിവച്ചിരുന്നത്.
പകുതിയോളം സമ്മേളനങ്ങളാണ് ഇതിനോടകം പൂർത്തിയായത്. സെപ്തംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയാ സമ്മേളനങ്ങളും നടത്താനായിരുന്നു കഴിഞ്ഞമാസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിലെ തീരുമാനം. ജനുവരി 17,18 തീയതികളിൽ ഹരിപ്പാട്ടാണ് ജില്ലാ സമ്മേളനം.
ജില്ലയിലെ പാർട്ടി നേതാക്കളുൾപ്പെട്ട വിവാദങ്ങളും സമ്മേളനങ്ങളെ കലുഷിതമാക്കും. നിലവിൽ സെക്രട്ടേറിയറ്റംഗങ്ങളിൽ പലരും ജില്ലയിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലക്കാരാണ്. ഇത് കാരണം സംഘടനാ ചുമതലയിൽ മതിയായ ശ്രദ്ധചെലുത്താൻ ഇവരിൽ പലർക്കും കഴിയാത്ത സാഹചര്യമുണ്ട്. സെക്രട്ടറിയേറ്റംഗത്തിന്റെ ബന്ധു വ്യാജചാരായവുമായി പിടിയിലായതും ഏറ്റവുമൊടുവിൽ തകഴിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികയുടെ ഭർത്താവ് ഷിബു ബി.ജെ.പിയിൽ ചേർന്നതുമുൾപ്പെടെ ചൂടേറിയ വിഷയങ്ങളും സമ്മേളനങ്ങളെ ചൂടുപിടിപ്പിക്കാനുണ്ട്.