ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് വഴിച്ചേരിയിലെ വാട്ടർഅതോറിട്ടി ഓഫീസിൽ പ്രതിഷേധിച്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രസിഡന്റുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പ്രസിഡന്റ് സന്തോഷ് ലാൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിബിൻരാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജുമോൻ, ഏഴാം വാർഡ് മെമ്പർ ആർ.വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസിഡന്റിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

പ്ലാസ്റ്ററിട്ടശേഷം അദ്ദേഹത്തെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ശ്വാസതടസം നേരിട്ട ബിബിൻരാജും ചവിട്ടേറ്റ ബിജുമോനും ആർ.വിഷ്ണുവും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ ഒരുവർഷമായി കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഓണക്കാലത്ത് പോലും വെള്ളം ലഭിച്ചിരുന്നില്ല. വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറോടും അസി.എക്സിക്യുട്ടീവ് എൻജിനീയറോടും ഈ വിഷയം സംസാരിക്കാനായി പ്രസിഡന്റ് സന്തോഷ് ലാലിന്റെ നേതൃത്വത്തിൽ വഴിച്ചേരിയിലെ വാട്ടർ അതോറിട്ടി ഓഫീസിലെത്തിയ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഓഫീസിനുള്ളിൽ കുത്തിയിരുന്നു.

പഞ്ചായത്ത് ഭരണസമിതിയുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതോടെ ജനപ്രതിനിധികളോട് വാട്ടർ അതോറിട്ടി ഓഫീസിന് പുറത്തിറങ്ങണമെന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് ജനപ്രതിനിധികളും നിലപാടെടുത്തതോടെ ബലംപ്രയോഗിച്ച് ഇവരയ നീക്കി. ഇത് ചോദ്യംചെയ്ത സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിബിൻരാജിനെ സി.ഐയുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയത് പ്രസിഡന്റും മറ്റ് അംഗങ്ങളും തടയാൻ ശ്രമിച്ചതോടെ പൊലീസും മെമ്പർമാരും തമ്മിൽ പിടിവലിയാകുകയും സംഘർഷാന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. മറിഞ്ഞ് പി.പി.ചിത്തരഞ്ജൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഡിവൈ.എസ്.പിയുമായി സംസാരിച്ചശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കൂട്ടാക്കാത്ത വാട്ടർ‌ അതോറിട്ടിയുടെയും ജനപ്രതിനിധികൾക്ക് നേരെ ബലപ്രയോഗം നടത്തിയ പൊലീസിന്റെയും നടപടി പ്രതിഷേധാർഹമാണ്

- ആർ. നാസർ, സി.പി.എം ജില്ലാ സെക്രട്ടറി

വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ബലപ്രയോഗം നടത്തിയിട്ടില്ല

- ആലപ്പുഴ നോർത്ത് പൊലീസ്