ആലപ്പുഴ: സുഭദ്റ കൊലക്കേസിൽ റിമാൻഡിലുള്ള പ്രതികൾക്കായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ആലപ്പുഴ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ട് ഇന്ന് പരിഗണിക്കും.

ഒന്നും രണ്ടും പ്രതികളായ ശർമ്മിള (52), ഭർത്താവ് മാത്യൂസ് (35)എന്നിവരെ ഒരാഴ്ച കസ്റ്രഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.ഇവരുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയശേഷം കേസിലെ മൂന്നാം പ്രതിയും മാത്യൂസിന്റെ ബന്ധുവുമായ റെയ്‌നോൾഡിനെയും (50) കസ്​റ്റഡിയിൽ വാങ്ങും. സുഭദ്രയെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.

കടവന്ത്റ സ്വദേശിനി സുഭദ്റയെ (73) കൊലപ്പെടുത്തി കുഴിച്ചു മൂടിയ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിലും ആഭരണങ്ങൾ വി​റ്റ ജുവലറികളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുംപ്രതികളെയെത്തിച്ച് തെളിവെടുക്കും. കൂടാതെ സുഭദ്രയ്ക്കായി റോൾഡ് ഗോൾഡ് ആഭരണങ്ങൾ വാങ്ങിയ മുല്ലയ്ക്കലെ കടയിലും പ്രതികളെ തെളിവെടുക്കാനെത്തിക്കും.ശർമ്മിളയ്ക്കും മാത്യൂസിനും ആഡംബര ജീവിതത്തിനും മദ്യപാനത്തിനും സുഭദ്റയെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.