ആലപ്പുഴ : അഞ്ചര പതിറ്റാണ്ടായി ജില്ലാകോടതിപ്പാലത്തിന് സമീപം മാവിൻചുവട്ടിൽ പ്രവർത്തിച്ചുവന്ന ജില്ലാ വെറ്ററിനറികേന്ദ്രം ഇന്നുമുതൽ സീവ്യൂ വാർഡിൽ പ്രവർത്തനം ആരംഭിക്കും. ജില്ല കോടതിപ്പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടാണ്, മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സിവ്യൂ വാർഡിലെ കാഫ് ഫീഡ് സബ്സിഡി പദ്ധതി ഓഫീസിലേക്ക് (കന്നുകുട്ടി പരിപാലന ആനുകൂല്യ പദ്ധതി) വെറ്ററിനറി കേന്ദ്രവും ലാബും മാറ്റി സ്ഥാപിക്കുന്നത്. രോഗ നിർണയത്തിനായി സ്ഥാപിച്ച എക്സറേ യൂണിറ്റ് മാവിൻചുവട്ടിലെ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കും. മാവിൻചുവട്ടിലെ പഴയ ആശുപത്രിയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ പുതിയ ഇടത്തിലേക്ക് എത്തിച്ചേരാനാകുകയുള്ളൂ.
ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. കർഷക സെമിനാറിൽ പക്ഷിപ്പനി പ്രതിരോധവും വെല്ലുവിളികളും എന്ന വിഷയത്തിൽ ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. വൈശാഖ് മോഹനൻ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐസക് രാജു, നഗരസഭ കൗൺസിലർ അഡ്വ. റിഗോരാജൂ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി.അരുണോദയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ സംസാരിക്കും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.എസ്.രമ സ്വാഗതവും സർജൻ ഡോ.പി.രാജീവ് നന്ദിയും പറയും.
അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചത് മാവിൻചുവട്ടിൽ
1950 മാർച്ച് 29ന് നഗരത്തിൽ മാളികമുക്കിലാണ് വെറ്ററിനറി കേന്ദ്രം സ്ഥാപിച്ചത്
1968 ൽ യാത്രാസൗകര്യത്തിനായി കോടതിപ്പാലത്തിന് സമീപം മാവിൻചുവട്ടിലേയ്ക്ക് മാറ്റി
1974 ൽ രോഗനിർണ്ണയത്തിനായി ലാബ്സംവിധാനം പ്രവർത്തനം ആരംഭിച്ചു
1987 ഫെബ്രുവരി 9ന് ജില്ലാ വെറ്ററിനറി കേന്ദ്രമായി ഉയർത്തി
2012 ഏപ്രിൽ 13ന് പഴയ കെട്ടിടം പൊളിച്ച് മൂന്ന് നിലകെട്ടിട സമുച്ചയം നിർമ്മിച്ചു
കാഫ് ഫീഡ് സബ്സിഡി പദ്ധതി (കന്നുകുട്ടി പരിപാലന ആനുകൂല്യ പദ്ധതി ) ഓഫീസ് നിലവിൽ ജില്ലാ വെറ്ററിനറി ആശുപത്രി പ്രവർത്തിച്ച ഭാഗത്ത് പ്രവർത്തനം ആരംഭിക്കും
- ഡോ. പി.വി.അരുണോദയ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ