
ആലപ്പുഴ : വാർദ്ധക്യകാലത്ത് മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ മൂല്യബോധമുള്ള വിദ്യാഭ്യാസവും പാഠ്യപദ്ധതിയും അനിവാര്യമാണെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാമന്ദിര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലങ്കര സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ മന്ദിരത്തിന്റെ സമർപ്പണം നിർവഹിച്ചു. പത്തു ലക്ഷത്തോളം രൂപ ചെലവിൽ പി.വി പ്രസാദ് പട്ടാശേരിൽ നിർമ്മിച്ചു നൽകിയ ചുറ്റുമതിലിന്റെ സമർപ്പണം പ്രസാദ് പട്ടാശ്ശേരിയും, ഗംഗാധരൻ ശ്രീഗംഗ 5 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച പഴമയുടെ ചാരുത വിളിച്ചോതുന്ന കളിത്തട്ടിന്റെ സമർപ്പണം മാവേലിക്കര ജോയിന്റ് ആർ.ടി. ഒ എം.ജി.മനോജും നിർവഹിച്ചു.