
ചേർത്തല : രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും സ്മാർട്ടാകാതെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ. നിലവിൽ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകൾനിലയിൽ താൽക്കാലിക മുറിയിലാണ് കൃഷിഭവന്റെ പ്രവർത്തനം. കാർഷികമേഖലയ്ക്ക് പ്രാധാന്യമുള്ള തണ്ണീർമുക്കത്ത് കൃഷിഭവൻ കെട്ടിടമില്ലാത്തത് കർഷകർക്കു വലിയ പ്രതിസന്ധിയാകുന്നുണ്ട്.
സ്വന്തമായി സ്ഥലമുണ്ടായിട്ടും മന്ത്രിയുടെ മണ്ഡലത്തിൽ കൃഷിഭവൻ കെട്ടിടമാകാത്തത് ഭരണമുന്നണിയിലടക്കം വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. അപകടകരമായ പഴയ കൃഷിഭവൻ കെട്ടിടം പൊളിച്ചുമാറ്റാനും നടപടിയായിട്ടില്ല.
സർക്കാരും പഞ്ചായത്തും ചേർന്നു തണ്ണീർമുക്കത്തെ കർഷകെര കബിളിപ്പിക്കുകയാണെന്നും സ്വന്തമായി സ്ഥലമുണ്ടായിട്ടും പഴയകെട്ടിടത്തിനു പകരം നാലുവർഷം പിന്നിട്ടിട്ടും പുതിയകെട്ടിടം പണിയാനാകാത്തത് വകുപ്പിന്റെ വീഴ്ചയാണെന്നുമാണ് കോൺഗ്രസിന്റെ ആക്ഷേപം. ഇതിനെതിരെ സമരം തുടങ്ങുമെന്നും നേതാക്കൾ അറിയിച്ചു.
പ്രഖ്യാപിച്ചത് 2022ൽ
 വെള്ളിയാകുളത്തു സ്വന്തമായുണ്ടായിരുന്ന കൃഷിഭവൻ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് 2020ൽ അടച്ചിരുന്നു
 ഇവിടെ സ്മാർട്ട് കൃഷിഭവൻ സ്ഥാപിക്കുമെന്നായിരുന്നു 2022ൽ മന്ത്രിയുടെ പ്രഖ്യാപനം
 പദ്ധതിയായി പട്ടികയിലുൾപ്പെട്ടെങ്കിലും അന്തിമഘട്ടത്തിൽ ജില്ലയിലെ മറ്റൊരുമണ്ഡലത്തിലേക്ക് ഫണ്ടുമാറി
 ഇതോടെ തണ്ണീർമുക്കത്തിന്റെ സ്മാർട്ട് സ്വപ്നങ്ങൾ പൊലിഞ്ഞു
 പൊതുമാർക്കറ്റ് സൗകര്യമടക്കമുള്ള കൃഷിഭവനാണ് പദ്ധതിയിലുണ്ടായിരുന്നത്.
തണ്ണീർമുക്കത്തു സ്മാർട്ട് കൃഷിഭവൻ യാഥാർത്ഥ്യമാക്കാൻ നടപടികൾ തുടങ്ങി. നിലവിൽ സ്മാർട്ട് കൃഷിഭവൻ പട്ടികയിൽ തണ്ണീർമുക്കം ഉണ്ട്.ഈ വർഷം തന്നെ നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.കർഷകർക്കു കൂടുതൽ പ്രയോജനകരമാകുന്ന സംവിധാനമുൾപെടുത്തിയായിരിക്കും പുതിയ കൃഷിഭവൻ
- മന്ത്രി പി.പ്രസാദിന്റെ ഓഫീസ്