hsn

ഹരിപ്പാട് : തകരാറിലായ വഴിവിളക്കുകളിൽ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധവുമായി വൈസ് പ്രസിഡന്റ്. വീയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസാണ് പ്ലക്കാർഡ് കഴുത്തിൽ തൂക്കി കമ്മിറ്റിയിലെത്തിയത്.

'വെട്ടംവേണം,അതിന് ബൾബിടണം,കാലതാമസം വരുത്തരുത് 'എന്നായിരുന്നു പ്ലക്കാർഡിലുണ്ടായിരുന്നത്.

പലവാർഡുകളിലും മാസങ്ങളായി തെരുവു വിളക്കുകൾ കത്താറില്ല. കേടായ ബൾബുകൾ മാറ്റിത്തരണമെന്ന് മെമ്പർമാർ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിലായിരുന്നു പ്രതിഷേധം. കേടായ ബൾബ് മാറ്റാത്ത കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കരാർ ലംഘിക്കുന്ന ഇയാൾക്ക് ഇനിയും കരാർ നൽകരുതെന്നും പി.എ.ഷാനവാസ് ആവശ്യപ്പെട്ടു.

ഒരു പോസ്റ്റിൽ (ബൾബ് കേടാകുന്നമുറക്ക്) ഒരുവർഷത്തേക്ക് 640രൂപാപ്രകാരം 504പോസ്റ്റിൽ ബൾബിടാനാണ് കരാർ. പ്ലാൻഫണ്ടിൽ നിന്നും മൂന്നരലക്ഷം രൂപ മാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്.