
ചാരുംമൂട് : മുഖം മിനുക്കിയ വയ്യാങ്കര ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരുടെ വൻതിരക്ക്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബും സംയുക്തമായി നടപ്പിലാക്കിയ താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയായ 'ഗ്രീൻഫോറസ്റ്റാണ് ' സന്ദർശകരുടെ മനംകവരുന്നത്. പ്രദേശവാസികൾ കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
ഒരാഴ്ച മുമ്പ് എം.എസ്.അരുൺ കുമാർ എം.എൽ.എയാണ് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചത്. ബോട്ടിംഗ്, കയാക്കിംഗ്, കുട്ടവഞ്ചി,പെഡൽ ബോട്ട് ,കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടുന്ന രണ്ടാംഘട്ട പദ്ധതിയാണ് ആരംഭിച്ചത്. ഓണാവധി ദിനങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.
പ്രകൃതി രമണീയമായ ഭൂപ്രദേശമായ വയ്യാങ്കരച്ചിറ ആലപ്പുഴ-കൊല്ലം ജില്ലകളുടെ അതിർത്തി പങ്കുവെയ്ക്കുന്ന പ്രദേശം കൂടിയാണ്.
മനം കവർന്ന് അസ്തമയ കാഴ്ച
സന്ദർശകരുടെ മനം കവർന്ന് ബോട്ടിംഗും കയാക്കിംഗും കുട്ടവഞ്ചി സവാരിയും
നൂറോളം ഏക്കറുള്ള ചിറയുടെ മധ്യത്തായുള്ള ഹട്ട് ഏറ്റവും ആകർഷണീയം
കുട്ടികളുടെ പാർക്കിലെ റൈഡുകളും വൈവിദ്ധ്യമാർന്നത്
ചിറയിലേക്ക് തള്ളിയുള്ള പാലത്തിൽ നിന്ന് അസ്തമയകാഴ്ച കാണാനും തിരക്ക്
20
രൂപയാണ് പ്രവേശന ഫീസ്
50
രൂപയാണ് കുട്ടികളുടെ പാർക്കിലെ റൈഡുകൾക്ക് ഫീസ്
100
രൂപ വീതമാണ് ബോട്ട്, പെഡൽ ബോട്ട്, കയാക്കിംഗ്,കുട്ടവഞ്ചി സഞ്ചാരത്തിന് ഒരാൾക്ക് ഫീസ്
ഇവിടേക്കെത്തുന്ന സന്ദർശകർ സന്തോഷത്തോടെയാണ് മടങ്ങുന്നത്. വൈകാതെ കൂടുതൽ സൗകര്യങ്ങളൊരുക്കും
- ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡൻ് കെ.ശിവൻകുട്ടി, സെക്രട്ടറി പ്രദീപ്