shreevallabh

മാന്നാർ: ഐ.എസ്.ആർ.ഒ ചെയർമാന്മാരുടെ പേരുചോദിച്ചാൽ ഉത്തരംമുട്ടിപ്പോകുന്ന മുതിർന്നവർക്ക് മുന്നിൽ ഒന്നുപോലും വിട്ടുപോകാതെ, ക്രമം തെറ്റാതെ വിക്രംസാരാഭായ് മുതലുള്ള പേരുകൾ പറഞ്ഞ് ശ്രീവല്ലഭ് എന്ന നാലുവയസുകാരൻ ആരെയും ഞെട്ടിച്ചുകളയും! നമ്മുടെ പ്രധാനമന്ത്രിമാർ, രാജ്യങ്ങളുടെ പതാകകൾ, ശാസ്ത്രജ്ഞന്മാർ, അവരുടെ കണ്ടുപിടുത്തങ്ങൾ, ബഹിരാകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഈ കുരുന്നിൽ

നിന്ന് മണിമണിയായി ഉത്തരം കിട്ടുമ്പോൾ ആരുമൊന്ന് അന്തംവിട്ട് മൂക്കത്ത് വിരൽവച്ചുപോകും. പുരാണങ്ങളും ഉപനിഷത്തുകളും പാരായണം ചെയ്തുവരുന്ന ഈകൊച്ചുമിടുക്കൻ,​ ഭഗവത്ഗീത ധ്യാനശ്ലോകം, ഗണേശ പഞ്ചരത്‌നം, രാമായണം സുന്ദരകാണ്ഡം, ഇരുപത്തിയഞ്ച് സംസ്‌കൃത ശ്ലോകങ്ങൾ, ഭഗവത്ഗീത 15-ാം അദ്ധ്യായം എന്നിവകൾ ചൊല്ലി ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിന്റെ മൾട്ടി ടാലന്റഡ് കിഡ്സ് വിഭാഗത്തിൽ ഇടം നേടിക്കഴിഞ്ഞു. മാന്നാർ കുട്ടംപേരൂർ സാരഥിയിൽ രഞ്ജിത്തിന്റെയും സുസ്മിതയുടെയും ഏക മകനാണ് ശ്രീവല്ലഭ്.

സൽസ്വരൂപാനന്ദ സ്വാമിയുടെ അനുഗ്രഹവും ആശീർവാദവും ഏറെ ലഭിച്ചിട്ടുള്ള ഈ കൊച്ചു മിടുക്കന് പിന്നണി ഗായകൻ അനൂപ്ശങ്കർ, സംഗീതജ്ഞരായ എൻ.ജെ.നന്ദിനി, ജയശ്രീരാജീവ്‌, ശരത്, കാർട്ടുണിസ്റ്റ് ജിതേഷ് എന്നിവരെയെല്ലാം സുഹൃത്തുക്കളാക്കാനും കഴിഞ്ഞു. രാഷ്ട്രീയ,​ സാംസ്‌കാരിക സംഘടനകളുടെ നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും ശ്രീവല്ലഭന് ഇതിനകം ലഭിച്ചുകഴിഞ്ഞു.

പ്രവാസിയായിരുന്ന അച്ഛൻ രഞ്ജിത്തിന്റെയും ഗവേഷക വിദ്യാർത്ഥിനിയായ അമ്മ സുസ്മിതയുടെയും പ്രോത്സാഹനം കൂടിയാകുമ്പോൾ പുതു തലമുറയ്ക്ക് അത്ഭുതമാവുകയാണ് ശ്രീവല്ലഭ് ആർ.സാരഥി.

ആരാധന അബ്ദുൽ കലാമിനോട്

നാലാം മാസത്തിൽ കേട്ട് ശീലിച്ച അഷ്ടപദിയിലൂടെ സംഗീത ലോകത്തേക്ക് പിച്ചവച്ചു തുടങ്ങിയ ശ്രീവല്ലഭിന്റെ ആദ്യകളിപ്പാട്ടം അമ്മ നിർമ്മിച്ചു നൽകിയ ഇടയ്ക്കയായിരുന്നു.

പിന്നീട് മൃദംഗവും വയലിനും ഒപ്പം കൂടി. കർണ്ണാടകസംഗീതത്തിലെ ഗുരുതുല്യരെയും പുതിയ തലമുറയിലെ സംഗീതജ്ഞരെയും ചിത്രം കണ്ട് തിരിച്ചറിഞ്ഞും പുസ്തകത്തിന്റെ പേര് പറഞ്ഞാൽ വീട്ടിലെ ശേഖരത്തിൽ നിന്ന് പുറംചട്ട കണ്ട് എടുത്തു നൽകിയും രണ്ടു വയസ് തികയും മുമ്പ് തന്നെ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഈ കുഞ്ഞു പ്രതിഭ ഇടംനേടിയിരുന്നു.

എ.പി.ജെ അബ്ദുൽകലാമിനെയും സി.വി.രാമനെയും വി.മധുസൂദനൻ നായരുടെ കവിതകളെയും അമ്മയിൽ നിന്ന് കേട്ട് ഹൃദയത്തിലേറ്റിയ ശ്രീവല്ലഭിന്,​ അബ്ദുൽ കലാമിനോട് ഏറെ ആരാധന തോന്നിയതിൽ അതിശയമില്ല. ഈ നാലുവയസുകാരൻ മുറിയിൽ നിറയെ ഇപ്പോൾ അബ്ദുൽകലാമിന്റെ ചിത്രങ്ങളാണ്. ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിൽ എൽ.കെ.ജി വിദ്യാർത്ഥിയായ ശ്രീവല്ലഭിന് ഐ.എസ്.ആർ.ഒ ചെയർമാനാകണമെന്നതാണ് ആഗ്രഹം.

മൊബൈൽ ഫോണിനെ പരമാവധി അകറ്റി നിർത്താൻ കഴിഞ്ഞതാണ്

മകന്റെ എല്ലാനേട്ടങ്ങൾക്കും കാരണം

- രഞ്ജിത്ത്