മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന എൻ.ടി.ബി.ആർ യോഗം ഇന്ന്

ആലപ്പുഴ : എഴുപതാമത് നെഹ്റുട്രോഫി ജലമേളയ്ക്ക് ഒരാഴ്ച ശേഷിക്കേ, ചാമ്പ്യൻസ് ബോട്ട് ലീഗ് തിരിച്ചെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് വള്ളംകളി പ്രേമികൾ. ഇന്ന് കളക്ടറേറ്റിൽ ചേരുന്ന എൻ.ടി.ബി.ആർ യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും. സി.ബി.എൽ റദ്ദാക്കുന്നതോടെ ക്ലബ്ബുകളും വള്ളസമിതികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മന്ത്രിയെ നേരിൽ കണ്ട് വിശദീകരിക്കാനുള്ള തീരുമാനത്തിലാണ് വള്ളംകളി സംരക്ഷണ സമിതി.

നെഹ്‌റുട്രോഫിയെ തുടർന്ന് ആഴ്ച തോറും സംഘടിപ്പിക്കുന്ന സി.ബി.എൽ കൂടി ലക്ഷ്യമിട്ടാണു വിവിധ ക്ലബ്ബുകളും വള്ളസമിതികളും വൻതുക മുടക്കി പ്രൊഫഷനൽ താരങ്ങളെ ഉൾപ്പെടെ മത്സരത്തിനിറക്കുന്നത്.

സി.ബി.എൽ യോഗ്യത നേടുന്ന ക്ലബ്ബിന് കുറഞ്ഞത് 48ലക്ഷം രൂപ ലഭിക്കും. ഓരോ മത്സരത്തിലെയും വിജയികൾക്ക് 5 ലക്ഷം രൂപ വീതമുണ്ട്. ലീഗ് നടന്നില്ലെങ്കിൽ സി.ബി.എല്ലിന്റെ ഭാഗമായി മാറിയ കരുവാറ്റ, കല്ലട, പുളിങ്കുന്ന്, പിറവം, കായംകുളം ജലോത്സവങ്ങൾ മുടങ്ങും.

ഒരുക്കം ഉഷാർ

28ന് പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളിക്കുള്ള ട്രാക്കുകൾ കുറ്റികൾ സ്ഥാപിച്ച് അടയാളപ്പെടുത്തി തുടങ്ങി. കഴിഞ്ഞ മാസം മത്സരത്തിന് വേണ്ടി സ്ഥാപിച്ച കുറ്റികൾ ഹൗസ് ബോട്ടുകൾ തട്ടി തകർന്നിരുന്നു. സ്റ്റാർട്ടിംഗ് ഡിവൈസിന്റെയും പന്തലിന്റെയും നിർമ്മാണം പുരോഗമിക്കുന്നു.

തഴയപ്പെട്ട് ഋഷികേശ്

ജലമേള കുറ്റമറ്റതായി നടപ്പാക്കാനുള്ള സ്റ്റാർട്ടിങ്ങ് സംവിധാനം ആവഷ്ക്കരിച്ചിട്ടും സർക്കാർ തഴഞ്ഞ മുഹമ്മ സ്വദേശി ഋഷികേശ്, നീതി തേടി നിയമസഭാ കമ്മിറ്റിയെ സമീപിക്കാനൊരുങ്ങുന്നു. അടുത്തദിവസം കമ്മിറ്റി ചെയർമാന് പരാതി നൽകും. സ്റ്റാർട്ടിങ്ങ് ഡിവൈസിന്റെ കണ്ടുപിടിത്തത്തിനുള്ള പേറ്റന്റ് നടപടികൾ അവസാനഘട്ടത്തിലാണ്. സ്റ്റാർട്ടിങ്ങ് സംവിധാനത്തിനുള്ള നവീന ആശയങ്ങൾ സർക്കാർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു 2018ൽ വള്ളത്തെ ബെൽറ്റിലൂടെ നിയന്ത്രിക്കുന്ന സംവിധാനം ഋഷികേശ് ആവിഷ്ക്കരിച്ച് വിജയിച്ചത്. അന്ന് മന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്ക് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പിന്തുണയും വാഗ്ദാനം ചെയ്തു. മൂന്ന് വർഷങ്ങളിൽ ഋഷികേശിന്റെ സംവിധാനം ഉപയോഗിച്ചു. 2023ൽ, ലോകത്ത് എവിടെ നിന്നും സ്റ്റാർട്ടിങ്ങ് സംവിധാനം നിയന്ത്രിക്കാവുന്ന സാങ്കേതിക വിദ്യയും വികസിപ്പിച്ച ശേഷമാണ് താൻ തഴയപ്പെട്ട വിവരം ഋഷികേശ് അറിഞ്ഞത്. സർക്കാരിനെ വിശ്വസിച്ച് ഇരുപത് ലക്ഷത്തോളം രൂപ ഗവേഷണങ്ങൾക്കായി ചെലവഴിച്ച ഋഷികേശ് ഇന്ന് ജപ്തിയുടെ വക്കിലാണ്.