photo

ആലപ്പുഴ : ദേശീയപാത വികസനത്തിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിലവിലുള്ള പാലത്തിന് സമാന്തരമായും ദേശീയ ജലപാതയിലെ പുത്തൻപാലവുമായി ബന്ധിപ്പിച്ചുമാണ് 444മീറ്റർ നീളത്തിലുള്ള പുതിയ പാലം.

പൈലിംഗ് പൂർത്തിയായ തൂണുകളുടെ ഫൗണ്ടേഷൻ സ്ളാബ് നിർമ്മാണത്തിനുള്ള ജോലികളാണ് നടക്കുന്നത്. ഫൗണ്ടേഷൻ സ്ളാബിന്റെ കോൺക്രീറ്റ് ഉടൻ നടക്കും. കിഴക്കൻവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്താത്ത വിധമാണ് ഫൗണ്ടേഷൻ സ്ളാബിന്റെ നിർമ്മാണം എന്ന പ്രത്യേകതയും ഉണ്ട്. ദേശീയ ജലപാതയ്ക്ക് മുകളിൽ നിർമ്മിക്കുന്ന പുത്തൻ പാലത്തിന്റെ പടിഞ്ഞാറെക്കരയിലെ 12.5മീറ്റർ ഉയരത്തിലുള്ള തൂണുകളുടെ കോൺക്രീറ്റ് ആരംഭിച്ചു. കിഴക്കേകരയിൽ പൈലിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിലെ സ്പിൽവേ പാലത്തിന് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ വടക്ക് ഭാഗത്ത് 5മീറ്റർ ഉയരവും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിന്റെ ഭാഗത്ത് 10മീറ്റർ ഉയരവുമാണുള്ളത്.

കാക്കാഴം മേൽപ്പാലം, കന്നുകാലിപ്പാലം, ഡാണാപ്പടി പാലം എന്നിവയുടെ പൈലിംഗ് ജോലികളും പൂർത്തീകരിച്ച് തൂണുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആലപ്പുഴ ബൈപാസിലെ സമാന്തരപാതയുടെ തൂണുകളുടെ നിർമ്മാണവും അന്തമഘട്ടത്തിലാണ്.

പൈലിംഗ് അവസാനഘട്ടത്തിൽ

1. മൂന്ന് റീച്ചുകളിലായി 81കി.മീറ്ററിലാണ് ജില്ലയിൽ ദേശീയപാത നിർമ്മാണം

2. ഇതിൽ ഏറ്റവും നീളംകൂടിയ പാലമാണ് തോട്ടപ്പള്ളിയിലേത്

3. ചെറുതും വലുതുമായ 75പാലങ്ങളാണ് പുനർനിർമ്മിക്കേണ്ടത്

4. എല്ലാ പാലങ്ങളുടെയും പൈലിംഗ് ജോലികൾ അന്തിമഘട്ടത്തിലാണ്

5. ചെറിയ പാലങ്ങളുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി

തോട്ടപ്പള്ളി പാലം

നീളം: 444 മീ.

വീതി: 17മീ.

പൈലുകൾ: 256

സ്പാൻ: 15

ഉയരം

വടക്കേക്കര....... 5മീ.

തെക്കേക്കര..... 10മീ.

പുത്തൻ പാലത്തിന്റെ ഉയരം.....12.5മീ.