
ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ നെഹ്റു ട്രോഫി വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശത്തുകാരുടെയും നീണ്ടകാലത്തെ ആവശ്യത്തിന് പരിഹാരമായി പുന്നമട-നെഹ്‌റു ട്രോഫി പാലം നിർമ്മാണത്തിന് ഇന്ന് തുടക്കമാകും.
വൈകിട്ട് 5ന് പുന്നമട ജെട്ടിക്ക് സമീപം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം നിർമ്മാണോദ്ഘാടനം നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി. മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, കളക്ടർ അലക്സ് വർഗ്ഗീസ്, ജില്ല പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, തുടങ്ങിയവർ പങ്കെടുക്കും.
പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ, ജലപാതയ്ക്ക് തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചുാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്. 384.1 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്. ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
57.40
കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചു
സഫലമാകുന്നത് നീണ്ട നാളത്തെ സ്വപ്നം
1.കുട്ടനാടിന്റെ ടൂറിസം സാദ്ധ്യതകൾക്ക് പുതിയ മാനം നൽകുന്ന പാലത്തിന് 2016-17 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് വഴി തെളിഞ്ഞത്
2. നെഹ്‌റു ട്രോഫി വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്രാദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും പദ്ധതി ലക്ഷ്യമിടുന്നു
3. തണ്ണീർമുക്കം - ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താൻ വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമട പാലം
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് സർക്കാരുകളുടെകാലത്ത് പൊതുമരാമത്ത് നിർമ്മാണങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് ആലപ്പുഴ മണ്ഡലത്തിലുണ്ടാക്കാൻ സാധിച്ചിട്ടുള്ളത്
- പി.പി.ചിത്തരഞ്ജൻ എം.എൽ.എ