ചേർത്തല:ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളും താലൂക്ക് മഹാസമാധി ദിനാചരണകമ്മിറ്റിയും ചേർന്നു നടത്തുന്ന ശ്രീനാരായണഗുരു സമാധിദിനാചരണം നാളെ നടക്കും.ദീപശിഖാറിലേയും പൊതുസമ്മേളനവും മൗനജാഥയുമുടക്കമുള്ള പരിപാടികൾ നടത്തും.
ഇതിനായുളള ഒരുക്കങ്ങൾ പൂർത്തിയായതായി സമാധിദിനാചരണകമ്മിറ്റി ചെയർമാൻ സി.കെ.വിജയഘോഷ് ചാരങ്കാട്ട്,ജനറൽ കൺവീനർ കെ.ആർ.രാജു കുത്തിയതോട്,ജയധരൻ തിരുനല്ലൂർ,ജി.സൈജുകുളത്രക്കാട്,പി.പി.ലെനിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ സ്‌കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ടി.ലേജുമോൾ പതാകഉയർത്തും. 10ന് ശ്രീനാരായണഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ നയിക്കുന്ന ദീപശിഖാറിലേ.വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി ദീപശിഖ സ്‌കൂളിലെത്തും.ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാധിദിന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.സി.കെ.വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷനാകും.ശ്രീനാരായണ ഓപ്പൺ സർവകലാശാല അസിസ്റ്റന്റ് പ്രൊഫ.ഡോ.എൻ.നൗഫൽ മുഖ്യപ്രഭാഷണം നടത്തും. വിദ്യാർത്ഥികൾക്ക് നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉപഹാരം നൽകും.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സംസാരിക്കും.
3.45ന് പുഷ്പാർച്ചനയും മഹാസമാധി സമൂഹ പ്രാർത്ഥനയും.4ന് നഗരത്തിൽ മൗനജാഥ.