ആലപ്പുഴ: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതായി വനിത കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെൻഡർപാർക്ക് ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സിറ്റിങ്ങിൽ 26 കേസുകൾ തീർപ്പാക്കി. പൊലീസ് റിപ്പോർട്ടിനായി എട്ട് കേസുകൾ അയച്ചു. 43 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 77 കേസുകളാണ് പരിഗണനയ്ക്കെത്തിയത്. അഭിഭാഷകരായ അഡ്വ.ജിനു എബ്രഹാം, രേഷ്മ ദിലീപ്, കൗൺസിലർമാരായ അഞ്ജന എം.നായർ, ആതിര ഗോപി, വനിതാ കമ്മിഷൻ ജീവനക്കാരായ എസ്.രാജേശ്വരി, ജി.ശ്രീഹരി എന്നിവർ പങ്കെടുത്തു.