
ആലപ്പുഴ : നഗരത്തിലെ കനാൽ സൗന്ദര്യ വത്കരണത്തിനൊപ്പം മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ പ്രചരണാർത്ഥം നഗരത്തിലെ പ്രധാന വഴിയിടങ്ങൾ വരയിലൂടെ നഗരത്തിന്റെ സാംസ്കാരിക അടയാളവും , ശുചിത്വ സന്ദേശം പകരുന്നതുമായ രീതിയിൽ മനോഹരമാക്കുന്നു. മാലിന്യ മുക്ത സന്ദേശം പകരുന്നതും ആലപ്പുഴയുടെ പൈതൃകം വിളിച്ചോതുന്നതും പഴയകാല കലാരൂപങ്ങളെ അനുസ്മരിക്കുന്നതുമായ ചിത്രങ്ങളാണ് ചുവരുകളിൽ ഒരുക്കിയിരിക്കുന്നത്. എസ്.ഡി.വി സ്കൂൾ മതിൽ, കനാൽ കരയോട് ചേർന്നുള്ള മതിലുകൾ തുടങ്ങിയ ഇടങ്ങളിലാണ് പ്രാഥമിക ഘട്ടത്തിൽ ചിത്രങ്ങളൊരുക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഐ.ഇ.സി ഫണ്ട് ഉപയോഗിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടമെന്ന നിലയിൽ ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ സക്കരിയ ബസാർ വരെയുള്ള വൈറ്റ് ടോപ്പിംഗ് റോഡിന്റെ ഇരുവശവുമുള്ള പ്രധാന ചുവരുകൾ, ജില്ലാകോടതി പാലം മുതൽ പുന്നമട ബോട്ട് ജെട്ടിവരെയുള്ള മതിലുകൾ, മരങ്ങൾ, നഗരത്തിലെ നടപ്പാലങ്ങൾ മനോഹരമായ ചിത്രങ്ങളാൽ ആകർഷകമാക്കും.