guru

ശ്രീനാരായണ ഗുരുവിന്റെ 97ാം മഹാസമാധി ദിനമാണ് ഇന്ന്. മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം ഗുരു അമരനായി നമ്മുടെ മദ്ധ്യേ ഉണ്ടായിരിക്കും. മനുഷ്യനും മനുഷ്യനും തമ്മിൽ നീതിയുക്തമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ മുന്നിൽ കണ്ടിട്ടാണ് ഗുരു മതാതീത സങ്കല്പങ്ങളിലൂന്നിയ ആത്മീയചിന്ത പ്രചരിപ്പിച്ചത്. ഏറ്റവും മനുഷ്യവിരുദ്ധമായ ലോകത്തെ നവീകരിക്കാനായി എല്ലാത്തിലും ഗുരു അന്വേഷിച്ചത് മാനുഷിക തലത്തിലുള്ള പ്രായോഗിക കാര്യങ്ങളെയാണ്. അതുകൊണ്ടാണ് ജാതിവെറിയുടെ ഈ കാലത്തും ഗുരുവിന്റെ മതാതീത വാക്യം വലിയ ചർച്ചയാകുന്നത്. ഒരു ജാതിയെക്കുറിച്ചും ഒരു മതത്തെക്കുറിച്ചും ഒരു ദൈവത്തെക്കുറിച്ചും സംസാരിച്ച ഗുരു അതിലൂടെയെല്ലാം വ്യക്തമാക്കാൻ ശ്രമിച്ചത് മതാതീതമായ ഒരു ആത്മീയബോധവും മാനവികതയുമായിരുന്നു.

മതവിഭാഗ പ്രീണനങ്ങളുടെ കാലത്തിൽ ഗുരുസമാധി ആചരിക്കുമ്പോൾ മതമല്ല നന്നായി തീരേണ്ടതെന്നും തൽസ്ഥാനത്ത് മനുഷ്യനാണ് നന്നാകേണ്ടുന്നതെന്നും ഗുരു പഠിപ്പിച്ചതിനെ സ്മരിക്കുകയാണ് പ്രധാനം. ഒരാൾക്ക് ആത്മശക്തി പകർന്നു നൽകാനും ആദ്ധ്യാത്മിക ഉയർച്ച വാഗ്ദാനം ചെയ്യാനും ഈ അത്ഭുത മതാതീത ബോധത്തിനു കഴിഞ്ഞുവെന്നതിൽ തർക്കമൊന്നുമില്ല. പുതിയ കാലത്തിലെ ആത്മീയ മനുഷ്യർ സത്യത്തിൽ അപമാനിതരായ മനുഷ്യരാണ്. ജാതിബോധമാണ് അവിടെ ഭക്തിക്കുപോലും ആധാരമായി തീരുന്നത്. അടിമത്തത്തെ ജനിപ്പിക്കാനും അതിനെ ക്രമാതീതമായി വർദ്ധിപ്പിക്കാനുമാണ് ഇപ്പോഴും നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആത്മീയതയുടെ കാര്യത്തിൽ പോലും ചൂഷണവും സാമൂഹികമായ അസമത്വവും ഇന്നും തുടരുകയാണ്. മത യാഥാസ്ഥിതികത്വത്തെ നിർമ്മാർജ്ജനം ചെയ്യാൻ ഗുരുവിന്റെ മൊഴികൾക്കാവുമെന്ന് പുരോഗമന പ്രസ്ഥാനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവർ എത്രമാത്രം അത് സ്വാംശീകരിച്ചിട്ടുണ്ടെന്ന കാര്യം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഗുരുവിന്റെ ആദർശ വിശാലതയാണ് സഹോദരൻ അയ്യപ്പന്റെ നിരീശ്വര സ്വഭാവമുള്ള 'ജാതി വേണ്ട, മതം വേണ്ട,ദൈവം വേണ്ട" എന്ന പ്രസ്താവനയെ പോലും ഉൾക്കൊള്ളാൻ ഗുരുവിനെ പ്രാപ്തനാക്കിയത്.ദൈവ കേന്ദ്ര മാനവികതയുള്ള ഒരാൾക്കേ ഈ ആശയത്തെ ഉൾക്കൊള്ളാനാവൂ. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം" എന്ന വലിയ ആദർശം പ്രചരിപ്പിക്കാൻ അത്ഭുതപ്രവർത്തകനായ ഒരു മതാതീത വാദിക്കേ കഴിയൂ. സാമൂഹ്യ തിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെയാണ് നവോത്ഥാനത്തിലേക്ക് നയിച്ചത്. വിവേകം താനേ വരില്ലെന്നും യത്നിക്കാൻ ധാരാളം വായിക്കണമെന്നും പഠിപ്പിച്ച ഗുരു ഈ വാചകത്തോടൊപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. മനുഷ്യർ മടിയൻമാരായാൽ നീതിക്കു നിരക്കാത്തവയായിരിക്കും ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള മറവിയോ ആലോചനയില്ലായ്മയോ പാടില്ലെന്നുള്ളതുകൊണ്ടാണല്ലോ താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പടെ ദൈവാരാധന നടത്തുവാനായി കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. ഇതൊക്കെ ചെയ്യുമ്പോഴും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ആദർശത്തെയാണ് ഗുരു മുന്നിൽ പിടിച്ചത്. 1916 ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിയുടെ ദൈവാനുഭവത്തെ മനുഷ്യത്വത്താൽ നിറയ്ക്കാൻ ഗുരു നടത്തിയിടത്തോളം അത്ഭുതകൃത്യങ്ങൾ നടത്തിയ മറ്റാരെങ്കിലും നമ്മുടെ കേരളത്തിലുണ്ടായിട്ടുണ്ടോ?

ഗുരുസന്ദേശങ്ങളുടെ പ്രസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ സുഗമ പ്രയാണത്തിനുള്ള മാനവിക മന്ത്രങ്ങളാണ് അവയോരോന്നും. ഈ യജ്ഞത്തെ വളരെ സാവധാനമാണ് ഗുരു നടപ്പിലാക്കിയത്. വിഗ്രഹങ്ങളിൽ നിന്ന് ഏകദൈവത്തിലേക്കും ക്ഷേത്രങ്ങളുടെ സ്ഥാനത്ത് വിദ്യാലയങ്ങൾ എന്ന ആശയത്തിലേക്കും മനുഷ്യരുടെ ആഗ്രഹങ്ങളെ ലയിപ്പിച്ചെടുക്കുകയായിരുന്നു. ഇതൊക്കെയും ഗുരു എന്ന അത്ഭുത മതാതീതവാദിയുടെ ആത്മീയ പ്രബുദ്ധതയല്ലാതെ മറ്റെന്താണ് ?.