
മാന്നാർ: വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന് അനുകൂലമായ സാഹചര്യം വളർത്തിയെടുത്ത്, ആരോഗ്യകരമായ വാർദ്ധക്യകാല ജീവിതം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ്മിഷന്റെ നേതൃത്വത്തിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ വൽസല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സൗജന്യ ഹോംറെമെഡി കിറ്റുകളുടെവിതരണം ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, സുനിത എബ്രഹാം എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ആയുഷ് യോഗ ക്ലബുകൾ രൂപീകരിച്ചതിലൂടെ മാന്നാർ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ യോഗ ഗ്രാമമായി പ്രസിഡന്റ് ടി.വി.രത്നകുമാരി പ്രഖ്യാപിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസുകൾക്ക് ഡോ.ലീന ജാസ്മിൻ, ഡോ.സുധപ്രിയ, രാജിഷാ രാധൻ എന്നിവർ നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ് സ്വാഗതവും വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.