ആലപ്പുഴ : രണ്ടാംകൃഷിയുടെ വിളവെടുപ്പിലേക്കടുത്തിട്ടും നെല്ല് സംഭരണത്തിന് മില്ലുകളെ സപ്ളൈകോ നിയോഗിക്കാത്തതിനെത്തുടർന്ന് കർഷകർ ആശങ്കയിൽ. വിളവെടുപ്പിനായി കർഷകരും പാടശേഖരസമിതികളും കൊയ്ത്തുയന്ത്രങ്ങൾ ബുക്ക് ചെയ്യുകയും മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കുകയും ചെയ്തപ്പോഴാണ് സപ്ളൈകോയുടെ മെല്ലെപ്പോക്ക്.
കഴിഞ്ഞ തവണ 9മില്ലുകളാണ് രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിനുണ്ടായിരുന്നത്. ഇത്തവണ ന്യൂ എ.പി.കെ , പറക്കാടൻ എന്നീ രണ്ടുമില്ലുകളേ സംഭരണത്തിനെത്തിയിട്ടുള്ളൂ. കൊയ്ത്തിന് ഇനിയും സമയമുണ്ടെന്നിരിക്കെ കൂടുതൽ മില്ലുകൾ എത്തിച്ചേരുമെന്നാണ് സപ്ളൈകോയുടെ വിശദീകരണമെങ്കിലും സംഭരണത്തിന് തയ്യാറാകാതെ മാറി നിന്ന് ഒടുവിൽ തങ്ങളെ ചൂഷണം ചെയ്യാനുള്ള മില്ലുകാരുടെ തന്ത്രമാണിതെന്നാണ് കർഷകരുടെ ആരോപണം.
രണ്ടാം കൃഷിയുടെ കൊയ്ത്തിന് പിന്നാലെ തുലാവർഷം ആരംഭിച്ചാൽ നെല്ലിന്റെ ഈർപ്പത്തോത് കൂടുകയും അതിന്റെ പേരിലുള്ള കിഴിവിൽ കർഷകരെ ചൂഷണത്തിന് മില്ലുകാർ വിധേയരാക്കുകയും ചെയ്യും.
രണ്ടാംകൃഷിയുടെ വിളവെടുപ്പ് താമസിച്ചാൽ തുടർന്ന് നടക്കേണ്ട പുഞ്ചകൃഷിയുടെ മുന്നൊരുക്കങ്ങളെയും ദോഷകരമായി ബാധിക്കും. വിളവെടുപ്പിന് മുന്നോടിയായി നെല്ലിന്റെ താങ്ങുവില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും സർക്കാരിൽ നിന്നുണ്ടായിട്ടില്ല.കൈകാര്യചെലവുൾപ്പെടെ കിലോഗ്രാമിന് 28.32 പൈസയ്ക്കാണ് നെല്ല് സംഭരണമെന്നാണ് സപ്ളൈകോയുടെ നിലപാട്. കഴിഞ്ഞ സീസണിലെ കൈകാര്യ ചെലവ് ഇപ്പോഴും കിട്ടാക്കടമാണ്.
മെല്ലെപ്പോക്കിൽ കർഷകർക്ക് ആശങ്ക
1.കുട്ടനാട്ടിലെ കൃഷിരീതിയനുസരിച്ച് വിതച്ച് 120ദിവസം കഴിയുമ്പോൾ വിളവെടുപ്പ് നടത്തേണ്ടതാണ്
2.സെപ്തംബർ പകുതിയോടെ ആരംഭിച്ച് ഡിസംബറോടെ വിളവെടുപ്പ് പൂർത്തീകരിക്കത്തക്ക വിധമാണ് രണ്ടാംകൃഷി
3.കർഷകരും പാടശേഖര സമിതികളും സപ്ലൈകോ പാഡി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പി.ആർ.എസ് നമ്പർ അടക്കമുള്ളവ സജ്ജമാക്കി
4.ആദ്യം കൊയ്ത്ത് തുടങ്ങുന്ന എടത്വ കൃഷിഭവൻ പരിധിയിലുള്ള പാടശേഖരങ്ങൾക്ക് മില്ല് അനുവദിക്കാൻ വേണ്ട നടപടികൾ പൂർത്തീകരിച്ചിട്ടില്ല
രണ്ടാംകൃഷി
8856 ഹെക്ടറിൽ
9876 കർഷകർ
വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതോടെ കൂടുതൽ മില്ലുകൾ നെല്ല് സംഭരണത്തിനായി എത്തും
- പാഡി മാർക്കറ്റിംഗ് ഓഫീസ്,കുട്ടനാട്
.