ambala

അമ്പലപ്പുഴ : കരുമാടി ഗവ. ആയുർവ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. 5 കോടി രൂപ ചെലവിലാണ് 4 നിലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിടം പൂർത്തിയാക്കുക. പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വീണാ ജോർജ് 26 ന് നിർവ്വഹിക്കുമെന്ന് എച്ച്.സലാം എം. എൽ. എ അറിയിച്ചു. ഗ്രാമീണാന്തരീക്ഷത്തിൽ ആയുർവ്വേദത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്, ഗാന്ധിജി സന്ദർശനം നടത്തിയ ചരിത്രമുറങ്ങുന്ന മുസാവരി ബംഗ്ലാവിനോട് ചേർന്ന ആയുർവ്വേദ ആശുപത്രി അങ്കണത്തിൽ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ഒ. പി ബ്ലോക്ക്, മൈനർ ഓപ്പറേഷൻ തീയറ്റർ, വിവിധ തരം സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവയുണ്ടാകും. റീഹാബിലിറ്റേഷൻ, ഫിസിയോതെറാപ്പി സെന്ററുകളുടെ പ്രവർത്തനവും ആശുപത്രിയിലുണ്ടാകും. എല്ലാ നിലകളിലും ശുചിമുറി സൗകര്യവുമൊരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണചുമതല.

ഒന്നാം നിലയിൽ

15 കിടക്ക സൗകര്യങ്ങളോടുകൂടിയ സ്ത്രീകളുടെ വാർഡ്, പഞ്ചകർമ്മ തെറാപ്പി സൗകര്യം, വിശ്രമമുറി, നേഴ്സിങ് സ്റ്റേഷൻ

രണ്ടാം നിലയിൽ

പുരുഷന്മാർക്കുള്ള വാർഡ് പ്രവർത്തിക്കും. സ്ത്രീ പുരുഷ വാർഡുകളിൽ പേയിംഗ് വാർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

മൂന്നാം നിലയിൽ

പേ വാർഡ്, ഡ്യൂട്ടി മുറി, കോൺഫറൻസ് ഹാൾ