ചേർത്തല :എയ്ഡഡ് സ്‌കൂളിൽ മകൾക്ക് ക്ലാർക്ക് നിയമനത്തിനായി സർക്കാർ മുദ്രസഹിതമുള്ള വ്യാജനിയമന ഉത്തരവു നൽകി 2.15 ലക്ഷം തട്ടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവിനെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതിനൽകി. ബി.ജെ.പി സംസ്ഥാന സമിതിയംഗം ആർ.ഉണ്ണികൃഷ്ണനെതിരെയാണ്
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് ലക്ഷ്മിനിവാസിൽ പ്രീന ഹരിദാസ് പരാതി നൽകിയത്. പരാതിയുമായി രംഗത്തിറങ്ങിയതോടെ ഭർത്താവിനുനേരേ വധഭീഷണിയടക്കം നിലനിൽക്കുന്നുണ്ടെന്നും പ്രീന പറയുന്നു.
2021ൽ മകൾക്കു ജോലിവാഗ്ദാനം ചെയ്ത് ഉണ്ണികൃഷ്ണൻ സമീപിച്ചെന്നും അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടെന്നും ഉണ്ണികൃഷ്ണന്റെ നിർദ്ദേശ പ്രകാരം ആദ്യഘട്ടമായി 2.15 ലക്ഷം സാറ എന്നു വിളിക്കുന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്കയച്ചു നൽകിയെന്നും പ്രീനയും ഭർത്താവ് ഹരിദാസും വാർത്താ സമ്മേളത്തിൽ പറഞ്ഞു.
പണം നൽകിയതിനു പിന്നാലെ സർക്കാർ മുദ്രയുള്ള നിയമന ഉത്തരവ് നൽകി. ഇതുമായി സ്‌കൂളിലെത്തിയതോടെയാണ് ഉത്തരവ് വ്യാജമാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നു പണം തിരികെ കിട്ടാൻ പലവിധ ശ്രമങ്ങളും നടത്തിയെങ്കിലും മടക്കിനൽകിയില്ല. പാർട്ടിതലത്തിലും പൊലീസിലും നൽകിയ പരാതികളിൽ നടപടികളില്ലാതെ വന്നതോടെയാണ് ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതെന്നും അവർ പറഞ്ഞു.