
ആലപ്പുഴ: നഗരം ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന ഫുഡ് ആർട്ട് നൈറ്റ് സ്ട്രീറ്റ് പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ആരംഭിക്കുന്നതിനുള്ള ഒരടയാളവും നിർദ്ദിഷ്ട പദ്ധതി പ്രദേശത്തില്ല. അതേസമയം പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഒരു മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനുള്ള ശ്രമം നടക്കുന്നതായി അധികൃതർ പറഞ്ഞു. ആലപ്പുഴ ബീച്ചിന് സമീപം സപ്ലൈക്കോയുടെ സംഭരണശാലയ്ക്ക് മുന്നിലുള്ള റോഡാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രദേശത്തെ ചരക്ക് നീക്കത്തെ ബാധിക്കാത്ത വിധം പദ്ധതി ആവിഷ്ക്കരിക്കാനാകുമെന്ന് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി, പി.ഡബ്ല്യു.ഡി വിഭാഗത്തിൽ നിന്ന് സ്ഥലം അനുവദിച്ച് കിട്ടാൻ തന്നെ ഏറെ നാൾ കാത്തിരിക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ഒരുവർഷമായി കാര്യമായ പ്രതിസന്ധികളൊന്നും ഇല്ലാതിരുന്നിട്ടും പദ്ധതി പ്രാവർത്തികമാക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി ആക്ഷേപമുണ്ട്.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിക്കാൻ നടത്തിപ്പ് ഏജൻസിയായ നിർമ്മിതി കേന്ദ്രം കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി വിഭാഗങ്ങൾക്ക് കത്ത് നൽകിയിരുന്നു. ആദ്യ എസ്റ്റിമേറ്റ് പ്രകാരം സ്ട്രീറ്റിലേക്ക് ഒരു വൈദ്യുതി കണക്ഷൻ ബോക്സാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഓരോ കടയ്ക്കും ഓരോ കണക്ഷൻ ബോക്സ് ലഭിക്കും.
മുപ്പതോളം ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ ഫുഡ് ആർട്ട് നൈറ്റ് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി സിവിൽ സ്റ്റേഷൻ വാർഡിൽ ലൈറ്റ് ഹൗസിന് സമീപം എലിഫന്റ് റോഡിലെ മുന്നൂറ് മീറ്റർ ഭാഗത്ത് ആരംഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാകും വ്യാപാരികളിൽ നിന്ന് ടെൻഡർ ക്ഷണിക്കുക. ഫുഡ് സ്ട്രീറ്റ് നഗരസഭ തനതായി നടത്തണോ ഏതെങ്കിലും ഏജൻസിക്ക് നടത്തിപ്പ് ചുമതല കൈമാറണോ എന്ന് പിന്നീട് തീരുമാനിക്കും.
........
പദ്ധതിക്കുള്ള തുക: 54 ലക്ഷം രൂപ
ഡ്രെയിനേജ് നിർമ്മാണത്തിന് : 15 ലക്ഷം രൂപ
പാർക്കിംഗും ഫുഡ് ട്രക്കുകളും
പാർക്കിംഗ് ഏരിയകൾ, ഹട്ടുകൾ, കലാസന്ധ്യകൾക്കുള്ള വേദി
കുട്ടികൾക്കുള്ള കളിസ്ഥലം, കളറിംഗ് ഫ്ലോർ
മൂവബിൾ ഫുഡ് ട്രക്കുകൾ, ഐസ് ക്രീം ജ്യൂസ് സ്പോട്ടുകൾ
പ്രൊജക്ടർ സ്‌ക്രീൻ സൗകര്യം
ഫോട്ടോഗ്രാഫി, എക്സിബിഷൻ ഏരിയ
ആംഫി തിയേറ്റർ
ഡബിൾ ഡെക്കർ ഫുഡ് ട്രക്ക്
പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ ഒതുങ്ങരുത്. സ്ഥലം ഉപയോഗിക്കുന്നതിനുള്ള അനുമതിയടക്കം ലഭിച്ചിട്ട് നാളുകളായി
- അഡ‌്വ.റീഗോ രാജു, നഗരസഭാ പ്രതിപക്ഷ നേതാവ്